സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് , മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് കാലവര്‍ഷം വളരെ ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും കൃഷിനാശമുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 41 മീറ്ററായതിനെ തുടര്‍ന്നാണ് വെള്ളം തുറന്നു വിട്ടത്. തൊടുപുഴയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.
മൂലമറ്റം വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളമാണു മലങ്കര അണക്കെട്ടിലെത്തുന്നത്. കൂടാതെ നച്ചാര്‍, വടക്കനാര്‍ എന്നിവിടങ്ങളിലെ വെള്ളവും മലങ്കര അണക്കെട്ടിലെത്തുന്നു. തൊടുപുഴയാര്‍ പതിക്കുന്നത് മൂവാറ്റുപുഴയാറിലാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനരാരംഭിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കി.
ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. വരുന്ന നാലുദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊച്ചി മധുര ദേശീയപാതയില്‍ മുവാറ്റുപുഴയ്ക്കും തൃപ്പൂണിത്തുറയ്ക്കുമിടയില്‍ പലയിടത്തും വെള്ളക്കെട്ടുമൂലം ഗതാഗത തടസമുണ്ടായി.
https://www.facebook.com/Malayalivartha

























