ചോദ്യം ചെയ്യലിനൊടുവില്‍ തിരിച്ചിറങ്ങിയ ദിലീപിന്റെ പ്രതികരണം

നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമെന്ന് നടന്‍ ദിലീപ്. പതിമൂന്നു മണിക്കൂറിനടുത്തുനീണ്ട ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ദിലീപ്. അതേമസയം, ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിക്കുമെന്ന് പോലീസ് ദിലീപിനോടും നാദിര്‍ഷായോടും വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയിരുന്നു.
അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തു. തനിക്കു പറയാനുള്ള കാര്യങ്ങള്‍ താന്‍ വിശദമായി അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണ്. ആത്മവിശ്വാസമുണ്ട് ദിലീപ് പറഞ്ഞു. തന്റെ പരാതിയിലെ മൊഴിയെടുക്കലാണ് നടന്നതെന്ന വാദം ദിലീപ് ആവര്‍ത്തിച്ചു. വ്യാഴാഴ്ച നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമെന്നും ദിലീപ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് അര്‍ധരാത്രിയിലേക്കു നീണ്ടത്. ആലുവ പോലീസ് ക്ലബില്‍ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂര്‍ സിഐ ബിജു പൗലോസാണു മൊഴിയെടുത്തത്. മൂന്നു പേരെയും വെവ്വേറെ മുറികളില്‍ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാന്‍ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുന്‍പു നടന്‍ ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന ഗൂഢാലോചന സംബന്ധിച്ചും മൂവരില്‍നിന്നും വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നാണു സൂചന.
https://www.facebook.com/Malayalivartha
























