ദിലീപിനും നാദിര്‍ഷയ്ക്കും ക്ലീന്‍ചിറ്റ് നല്‍കാതെ പോലീസ്; നടിയുമായി സൗഹൃദമില്ലെന്ന് ചോദ്യം ചെയ്യലില്‍ ദിലീപ്

ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് ഇപ്പോള്‍ സൗഹൃദമില്ലെന്ന് നടന്‍ ദിലീപ് ആലുവ പൊലീസ് ക്‌ളബ്ബില്‍ നടന്ന ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. നടിയുമായി അകലാനുണ്ടായ കാരണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദിലീപിന്റെ ഈ മറുപടി. പണ്ടുമുതലേ തന്നെ നടിയുമായി താന്‍ അത്ര സൗഹൃദം സൂക്ഷിച്ചിരുന്നില്ലെന്നും ദിലീപ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30 ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അവസാനിച്ചത്. ദിലീപിനെ കൂടാതെ സംവിധായകന്‍ നാദിര്‍ഷ, മാനേജര്‍ അപ്പുണ്ടി എന്നിവരേയും ചോദ്യം ചെയ്തിരുന്നു.
നടിയോട് പകയുണ്ടായിരുന്നോയെന്ന പൊലീസിന്റെ ചോദ്യത്തോട് അയ്യോ സാര്‍ എനിക്ക് ആരോടും പകയില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. സിനിമയില്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന നടിയുടെ മുന്‍ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ആരുടേയും അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ തേടി.
അതേസമയം, ദിലീപിനും നാദിര്‍ഷയ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കേസ് അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























