യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചതിനെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു

യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പഠനത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചതിനെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ഒരു മെഡിക്കല്‍കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ് അവിടത്തെ ഒരു അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചത്.
ഇത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി അന്വേഷണം തുടങ്ങിയത്. ദൃശ്യങ്ങള്‍ കാണിച്ച കൊച്ചിയിലെ കോളേജില്‍ ഇന്നലെ ഉച്ചയോടെ അസിസ്റ്റന്റ് കമ്മിഷണര്‍ എത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി.
ദൃശ്യങ്ങള്‍ കണ്ട രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള കഠിനപ്രയത്‌നം പൊലീസ് നടത്തുന്നതിനിടയിലാണ് മെഡിക്കല്‍കോളേജിലെ അദ്ധ്യാപകന്‍ ഇത് പ്രദര്‍ശിപ്പിച്ചത്.
അദ്ധ്യാപകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും തുടങ്ങി. ഈ ദൃശ്യങ്ങള്‍ അദ്ധ്യാപകന് എങ്ങനെ എവിടെ നിന്ന് ലഭിച്ചുവെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ പലരും ദൃശ്യങ്ങള്‍ കണ്ടെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha



























