മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ

മിഷൻ സമുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു. കൊല്ലം പോർട്ടിന്റെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഇതിന്റെ ഭാഗമായി മന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ കൊല്ലം പോർട്ട് സന്ദർശിച്ച് വികസന പ്രവർത്തനങ്ങളും സാധ്യതകളും വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ മിഷൻ സമുദ്രയിലൂടെ ജില്ലയിലെ തുറമുഖ വികസനത്തിന് പുതിയ സാധ്യതകൾ തുറക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി കൊല്ലം പോർട്ടിന്റെ നിലവിലെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനും വികസന സാധ്യതകൾ വിലയിരുത്തുന്നതിനുമാണ് വകുപ്പ് സെക്രട്ടറിയുടെ സന്ദർശനം. പോർട്ടിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ആവശ്യമായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പോർട്ടിലെ നിലവിലുള്ള സൗകര്യങ്ങൾ പരിശോധിച്ച വകുപ്പ് സെക്രട്ടറി, മിഷൻ സമുദ്രയുടെ ഭാഗമായി വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾ തിരുവനന്തപുരത്ത് നടത്തും. കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നീണ്ടകരയിലെ സ്ഥലവും പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് തുടർചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























