അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കുമെന്ന് അജയ് തറയില്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. നിലവില്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും തന്റെ നിലപാടിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നതായും അജയ് തറയില്‍ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തില്‍ കയറി ആരാധാന നടത്തുന്നത് പതിവാണ്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് പ്രതിജ്ഞാപത്രം നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ല. ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് സാക്ഷ്യപത്രം നല്‍കുന്നവര്‍ക്കും മാത്രമെ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂവെന്ന 1952ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























