എംഎൽഎ ഗണേഷിന്റെ ദിലീപ് അനൂകൂല പ്രസ്താവനയ്‌ക്കെതിരെ പൊലീസ് കോടതിയില്‍; ഗണേശ് കുമാറിന്റെ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കഴിയുന്ന ദിലീപിനെ കാണാനെത്തിയ കെ ബി ഗണേഷ്‌കുമാറിന്റെ പ്രസ്താവന വൻ വിവാദമാവുകയായിരുന്നു. തന്റെ അച്ഛൻ ആയ ബാലകൃഷ്ണപ്പിള്ള പറഞ്ഞിട്ടാണ് താൻ ജയിലിലെത്തി ദിലീപിനെ കണ്ടതെന്നാണ് ഗണേഷ് പറഞ്ഞത്. താൻ വ്യക്തിപരമായി മാത്രമാണ് വന്നതെന്ന് ഗണേഷ് ആദ്യം പറഞ്ഞുവച്ചെങ്കിലും പിന്നീടാണ് തന്റെ മണ്ഡലത്തിലെ ജനങ്ങളും ദിലീപിനെ കാണാൻ പറഞ്ഞിരുന്നു അതിനാലാണ് താൻ ജയിലിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ സമയം ഗണേഷ് ജയിലിലെത്തിയത് എം എൽ എയുടെ ബോർഡ് വച്ച കാറിലും, എംഎൽഎ എന്ന പരിഗണനയോടെയുമാണ് ജയിൽ സന്ദർശനത്തിനെത്തിയതും. ഇതെല്ലാമാണ് അച്ഛന്റെ വാക്കുകേട്ട് വന്ന ഗണേഷിനെ വെട്ടിലാക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിച്ച ശേഷം കെ.ബി.ഗണേശ് കുമാർ എം.എൽ.എ നടത്തിയ പ്രസ്താവനയ്ക്കെതിരെ പൊലീസ് കോടതിയെ സമീപിച്ചു. ഗണേശിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം തേടി മൂന്നാതും ദിലീപ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തുന്പോൾ ഇക്കാര്യം പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കും. നേരത്തെ രണ്ടു തവണയും ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഗണേശ് കുമാർ, താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. അത്തരമൊരു പദവി വഹിക്കുന്ന ഒരാൾ ദിലീപിനെ അനുകൂലിച്ച് പരസ്യനിലപാട് സ്വീകരിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. ഗണേശിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിനിമാരംഗത്തുള്ളവർ കൂട്ടത്തോടെ ജയിലിൽ എത്തുന്നുണ്ട്. ഇത് സംശയാസ്പദമാണ്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും നടന്ന പ്രചരണം പോലെയാണ് ഇപ്പോഴത്തെ നീക്കമെന്നും സംശയമുള്ളതായി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലാണെങ്കിലും കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേശ് കുമാർ അദ്ദേഹത്തെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുകളും സഹപ്രവർത്തകരും കൂടെ നില്ക്കേണ്ടത്. ദിലീപിന്റെ സഹായങ്ങൾ സ്വീകരിച്ച നിരവധി പേർ സിനിമയിലുണ്ട്. പൊലീസ് ചോദ്യംചെയ്യുമെന്നോ ഫോൺ കോളുകൾ ചോർത്തുമെന്നോ ചാനൽ ചർച്ചയ്ക്കെത്തുന്നവരുടെ വിമർശനം ഉണ്ടാകുമെന്നോ ഭയന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുതെന്നും ഗണേശ് പറഞ്ഞിരുന്നു. സ്ത്രീ പീഡനത്തിൽ നേരിട്ട് പങ്കാളിയായ എം.എൽ.എയ്ക്ക് ജാമ്യം കിട്ടിയ നാട്ടിൽ കലാകാരന് ജാമ്യം നിഷേധിച്ചതിനോട് വിയോജിപ്പുണ്ട്. എല്ലാവർക്കും നീതി ഒരുപോലെ ലഭിക്കണം. പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കാലം തെളിയിക്കുമെന്നും ഗണേശ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























