നാദിര്‍ഷാ അങ്ങനങ്ങു കിടന്നാലോ....നാദിര്‍ഷാ ആശുപത്രി വിട്ടു; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും; അധികൃതര്‍ ഡിസ്ചാര്‍ജ് നല്‍കിയത് ഇന്നലെ

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചതോടെ ആശുപത്രിയില്‍ അഡ്മിറ്റായ നടനും സംവിധായകനുമായ നാദിര്‍ഷാ ആശുപത്രി വിട്ടു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന നാദിര്‍ഷാ ഇന്നലെ വൈകിട്ടോടെയാണ് ഡിസ്ചാര്‍ജായത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടുന്നുവെന്നായിരുന്നു നാദിര്‍ഷാ ഇതിനെക്കുറിച്ച് പറഞ്ഞത്. ഇന്നലെ വൈകിട്ട് ആശുപത്രി അധികൃതര്‍ നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇത് പോലീസ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണെന്നും സൂചനയുണ്ട്.
അദ്ദേഹത്തിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു. കേസില്‍ അറസ്റ്റ് തടയണമെന്ന് നാദിര്‍ഷയുടെ ആവശ്യം കോടതി തളളിയിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ പൊലീസ് വീണ്ടും വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ച് നാദിര്‍ഷാ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സംവിധായകനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് മുമ്പ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ദിലീപിന്റെ അറസ്‌റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ബോധിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് അന്വേഷണം വഴിതിരിച്ചുവിടാനും ദിലീപിനെ സംരക്ഷിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യ ചെയ്തതിനൊപ്പമാണ് നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha

























