സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. പോലീസ് കസ്റ്റഡിയിലേക്ക്.... യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം.
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കേസില്‍ വിശദമായി ചോദ്യം ചെയ്യാനായി മൂന്ന് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.
തൊടുപുഴയിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡില്‍ എറണാകുളം സബ്‍ജയിലിൽ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയിൽ പറയുന്ന കാരവനില്‍ എത്തിച്ചു തെളിവെടുക്കണമെന്നും അറസ്റ്റ് ചെയ്യുന്ന സമയത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന രഞ്ജിത്തിനെ ചോദ്യം ചെയ്യാനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഗുരുതര കുറ്റമാണ് നടന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























