സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി ഒന്നു മുതല്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കാന്‍ ധാരണ. അനുബന്ധ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു.
പദ്ധതി നടപ്പാക്കാന്‍ തയാറുള്ള ഇന്‍ഷുറന്‍സ് കമ്പനികളെ തിരഞ്ഞെടുക്കുക, ഇന്‍ഷുറന്‍സ് തുകയുടെ പരിധി നിശ്ചയിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കണം. മൂന്നു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കാമെന്നു ധനവകുപ്പ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ലക്ഷമെങ്കിലുമാക്കണമെന്നു സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാരില്‍ നിന്നു പ്രതിമാസം 300 രൂപ ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ 300 രൂപ പ്രതിമാസ മെഡിക്കല്‍ അലവന്‍സ് നല്‍കുന്നുണ്ട്. ഈ തുക ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു മാറ്റും. അംഗത്തിനും കുടുംബത്തിലെ ആശ്രിതര്‍ക്കും (ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍) അംഗീകൃത ആശുപത്രികളില്‍ നിന്നു പണമടയ്ക്കാതെ ചികില്‍സ തേടാം. വിരമിച്ചവരാണെങ്കില്‍ ജീവിത പങ്കാളിക്കുകൂടി ആനുകൂല്യം ലഭിക്കും. ഔട്ട് പേഷ്യന്റ് ചികില്‍സയ്ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ജീവനക്കാരനോ, പെന്‍ഷന്‍കാരനോ (കുടുംബാംഗങ്ങള്‍ ഒഴികെ) ഒപി ചികില്‍സകള്‍ക്കും പരിരക്ഷ ലഭിക്കും.
ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ അഞ്ചര ലക്ഷം പേരും പെന്‍ഷന്‍കാര്‍ ആറു ലക്ഷത്തിലേറെ പേരും ഉണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിക്കു വേണ്ടി 360 കോടിയാണു സമാഹരിക്കുന്നത്.
https://www.facebook.com/Malayalivartha

























