നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് 13ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് 13ന് വീണ്ടും ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. രണ്ട് മാസം മുമ്പ് അറസ്റ്റിലായ ദിലീപ് ഒരു തവണ മജിസ്‌ട്രേറ്റ് കോടതിയിലും രണ്ടു തവണ ഹൈകോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാകും പ്രധാനമായും ഹര്‍ജിയില്‍ ആവശ്യപ്പെടുക.
ദിലീപിനെ പരമാവധി ഒരു മാസം മാത്രമായിരിക്കും റിമാന്‍ഡില്‍ കഴിയാന്‍ കഴിയുക. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. അതിനാല്‍ തന്നെ ഇത് ദിലീപിനെ സംബന്ധിച്ച് അവസാനത്തെ ജാമ്യാപേക്ഷയാകാനാണ് സാധ്യത. വീണ്ടും ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ പിന്നെ സുപ്രീം കോടതിയില്‍ പോകാനുള്ള സാവകാശവും ഇല്ല.
കഴിഞ്ഞ ബുധനാഴ്ച പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഈ സമയത്ത് ഉപാധികള്‍ വീഴ്ചകൂടാതെ പാലിച്ചതും ഹര്‍ജിയില്‍ സൂചിപ്പിക്കും. എന്നാല്‍, ദിലീപിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.

അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഗൂഢാലോചനയില്‍ ദിലീപിനുള്ള പങ്ക് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായി ലക്ഷ്യയില്‍ എത്തിയിരുന്നെന്ന് ജീവനക്കാര്‍ മൊഴിനല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സഹോദരന്‍ മിഥുന്‍ മാധവന്റെ വിവാഹച്ചടങ്ങില്‍ സുനി എത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടത്രേ. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനിടെ, ജയിലില്‍നിന്ന് ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സുനിയെ സഹായിച്ച എ.ആര്‍. ക്യാമ്പിലെ പൊലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടി ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേസില്‍ പതിനാലാം പ്രതിയാക്കി ശനിയാഴ്ച അറസ്റ്റ് ചെയ്ത അനീഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു.
https://www.facebook.com/Malayalivartha

























