ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയും:സുപ്രീം കോടതി

ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 226ാം അനുഛേദം പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോഎന്ന് ആരാഞ്ഞ സുപ്രീംകോടതി കേസില്‍ എന്‍.ഐ.എ അന്വേഷണവും വിവാഹവും രണ്ടാണെന്നും വ്യക്തമാക്കി.വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 30 ലേക്ക് മാറ്റി.
ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങളാണു പരിശോധിക്കുന്നത്. കേസില്‍ ഹാദിയയുടെ നിലപാട് അറിയണമെന്നും അവര്‍ക്കെന്താണു പറയാനുള്ളതെന്നു കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ എന്‍.ഐ.എ അഭിഭാഷകന്‍ മനീന്ദര്‍ സിംഗും ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും തമ്മില്‍ രൂക്ഷമായ വാക്‌പോരുമുണ്ടായി.എന്‍.ഐ.എയെ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും കേരളത്തില്‍ എത്തിയ അമിത് ഷായും മറ്റ് ബി.ജെ.പി നേതാക്കളും ഹാദിയ കേസ് വലിയ രാഷ്ട്രീയ നേട്ടത്തിനുള്ള വിഷയമാക്കിയെന്നും ദവെ ആരോപിച്ചു.
എന്നാല്‍ കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നു പറഞ്ഞ സുപ്രീം കോടതി ബി.ജെ.പി നേതാക്കളുടെ പേര് പറയുന്നതില്‍ നിന്ന് ദവെയെ വിലക്കി. ഹാദിയ മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്നുണ്ടെന്ന് പല കോണുകളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അനുവദിക്കണമെന്നുമുള്ള വനിതാ കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha





















