പൃഥ്വിരാജിനെതിരായ പടപ്പുറപ്പാടിന്റെ തുടക്കമാവുമോ?

പാതിവഴിയില്‍ ചിത്രീകരണം മുടങ്ങിയ പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകര്‍ ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെതിരെ രംഗത്ത് വന്നത് സിനിമാ മേഖലയില്‍ ചര്‍ച്ചയാകുന്നു. പാതിവഴിയില്‍ നിലച്ച മൈസ്‌റ്റോറി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഫിലിം ചേംബര്‍ പൃഥ്വി രാജിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
മൈ സ്‌റ്റോറി പൂര്‍ത്തിയാക്കാനായി 40 ദിവസം കൂടി വേണമെന്നായിരുന്നു റോഷ്‌നി ആവശ്യപ്പെട്ടത്. ഒക്‌ടോബര്‍ 18 മുതല്‍ 20 ദിവസവും അതുകഴിഞ്ഞ് നിര്‍മ്മാതാവ് രജ്ഞിത്തിന്റെ ചിത്രത്തിന് ശേഷം വീണ്ടും 20 ദിവസം കൂടി നല്‍കണമെന്നാണ് ഫിലിം ചേംബര്‍ പൃഥ്വി രാജിനോട് ആവശ്യപ്പെട്ടത്. ഇന്ന് നടന്ന ഫിലിം ചേമ്പറിന്റെ അടിയന്തിര യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ചിത്രീകരണം നീണ്ട് പോകുന്നെന്ന് കാട്ടി സംവിധായിക റോഷ്‌നി ദിനകര്‍ ഫെഫ്കയെയും അമ്മയെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നും എടുത്തില്ല. തുടര്‍ന്നാണവര്‍ ഫിലിം ചേമ്പറിനെ സമീപിച്ചത്.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് വിവിധ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരിക്കുകയും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പരാതി പെട്ടെന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നതില്‍ ദുരൂഹതയുണ്ടെന്ന് സിനിമ ഇന്‍ഡസ്ട്രിയിലുള്ള ചിലര്‍ ആരോപിക്കുന്നു.
പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനാണ് മമ്മൂട്ടി താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതെന്ന് കഴിഞ്ഞ ആഴ്ച അമ്മയുടെ വൈസ്പ്രസിഡന്റ് കെ.ബി ഗണേഷ്‌കുമാര്‍ ആക്ഷേപിച്ചിരുന്നു. ദിലീപിന്റെ അടുത്ത വൃത്തങ്ങളില്‍ പെട്ടവരാണ് ഫിലിം ചേമ്പറിന് മുന്നില്‍ വിഷയം എത്തിച്ചതെന്ന് പ്രചരണങ്ങളുണ്ട്.
അമ്മയോ, ഫെഫ്കയോ വിഷയത്തിലിടപെട്ടാല്‍ പ്രശ്‌നം വഷളാകുമെന്ന് കരുതിയാണ് ചേമ്പറിന്റെ തലയില്‍ വെച്ച് തടിതപ്പിയതെന്നും അഭിപ്രായമുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം യുവതാരങ്ങള്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ഒരുമിച്ച് നില്‍ക്കുകയാണ്. ദിലീപിനെ പിന്തുണയ്ക്കുന്ന സിദ്ധിഖിന്റെ നേതൃത്വത്തില്‍ കൂറേ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമുണ്ട്.
ഫെഫ്കയും ഇതേ പ്രതിസന്ധി നേരിടുകയാണ്. ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ യുവസംവിധായകര്‍ ദിലീപിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ഇവര്‍ക്ക് സി.പി.എമ്മിന്റെ പിന്തുണയുണ്ട്. മമ്മൂട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടെന്നാണ് ആരോപണം. എന്നാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനടക്കം ദിലീപിനൊപ്പമാണ്.
വൈസ്പ്രസിഡന്റായ ഭാഗ്യലക്ഷ്മി ദിലീപിനെതിരാണ്. അതേസമയം സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫിലിം ചേമ്പര്‍ ഒരു കടലാസ് സംഘടനയാണെന്നും നിര്‍മാതാക്കളില്‍ നിന്നടക്കം അനധികൃതമായി ഇവര്‍ പണം വാങ്ങുന്നുണ്ടെന്നും വ്യാപകമായ പരാതികളും ആക്ഷേപങ്ങളുമുണ്ട്. സിനിമ രജിസ്റ്റര്‍ ചെയ്യേണ്ടത് കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണെന്ന് സംവിധായകന്‍ ഡോ.ബിജു അടക്കം രംഗത്ത് എത്തിയിട്ടുണ്ട്.

https://www.facebook.com/Malayalivartha





















