നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ താലിചാർത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ...വിധിയുടെ മുഹൂർത്തം മിഥുനെ തട്ടിയെടുത്തു

ഗ്യാസ് ലോറിക്കടിയിൽപ്പെട്ട് കഴക്കൂട്ടം -കോവളം നാലുവരിപ്പാതയിൽ സ്റ്റുഡിയോ ആർട്ടിസ്റ്റായ യുവാവിന് ദാരുണാന്ത്യം. നേമം കാട്ടുകുളം ദേവീ ക്ഷേത്രത്തിന് സമീപം അഭിരാമത്തിൽ ഫ്രാൻസിസിന്റെ മകൻ മിഥുൻ ഫ്രാൻസിസാണ് (27)മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ ചാക്ക സതീന്ദ്ര ഓഡിറ്റോറിയത്തിന് സമീപം മുരുകൻ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. സ്റ്റുഡിയോകളുടെയും മറ്റും ഇന്റീരിയർ ഡെക്കറേഷൻ ആർട്ടിസ്റ്റായ മിഥുൻ ബൈക്കിൽ ചാക്കയിൽ നിന്ന് കഴക്കൂട്ടത്തേക്ക് പോകുമ്പോൾ എതിർദിശയിൽ നിന്ന് വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്.
റോഡിൽ വീണ മിഥുന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു. വിവരമറിഞ്ഞെത്തിയ കൺട്രോൾ റൂം പൊലീസ്, ട്രാഫിക് പൊലീസിന്റെ സഹായത്തോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി കുമാറിനെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറെ നാളായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി അടുത്ത മാസം വിവാഹം നടക്കാനിരിക്കെ മിഥുന്റെ ജീവൻ അപകടത്തിൽ പൊലിഞ്ഞത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും താങ്ങാനാകാത്തതായി. അപകടസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെ സഹായത്തോടെയാണ് ആളെ തിരിച്ചറിഞ്ഞത്. രാജിയാണ് മാതാവ്. ജിതിൻ ഫ്രാൻസിസ് സഹോദരനാണ്. ട്രാഫിക് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























