സോളാര്‍ റിപ്പോര്‍ട്ടിനെയും തുടരന്വേഷണത്തെയും ഭയക്കുന്നില്ല: ഉമ്മന്‍ചാണ്ടി

ജസ്റ്റിസ്. ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയ സോളാര്‍ റിപ്പോര്‍ട്ടിനെയും പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധികാരം കയ്യിലുള്ളത് കൊണ്ട് എല്‍.ഡി.എഫ് നേതാക്കള്‍ക്ക് തനിക്കെതിരെ കേസെടുക്കാനം അന്വേഷണം നടത്താം. എന്നാല്‍ ഇവിടെയൊരു നീതിന്യായ വ്യവസ്ഥയുണ്ട്. അതില്‍ പൂര്‍ണ വിശ്വാസമുണ്ട്. തെറ്റൊന്നും ചെയ്യാത്തതിനാല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനാകും. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഞാന്‍ തകരുമെന്നോ, കോണ്‍ഗ്രസ് തകരുമെന്നോ കരുതരുത്. ഈ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും. എന്നാല്‍ അത് എപ്പോഴാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മീഷന് മുന്നില്‍ സ്വതന്ത്രസ്വഭാവമുള്ള സാക്ഷികളാരും തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും എന്തെങ്കിലും രേഖയോ, തെളിവോ കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. പത്രവാര്‍ത്തകള്‍ മാത്രമാണ് ഇവരെല്ലാം കമ്മീഷനില്‍ നല്‍കിയതെന്നും വിജിലന്‍സ് കേസ് നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. അത് പുറത്ത് വിടാതെ ചില ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുറത്ത് വിട്ടത് ശരിയായില്ലെന്നും പുറത്ത് വിടാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ എങ്ങനെ കേസെടുക്കാനാകുമെന്നും മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല, ജനങ്ങള്‍ക്ക് അതിലെ കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. താന്‍ സരിതയെ മാനഭംഗപ്പെടുത്തിയെന്ന് പറയുന്നത് സരിതയുടെ പേരില്‍ എഴുതിയ കൃത്രിമ കത്തിലാണെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























