മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയില്‍ യുഡിഎഫിന് വിജയം

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിയര്‍ത്തുള്ള വിജയം. യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്ലീം ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ പതിവ് വിജയം ആവര്‍ത്തിക്കാന്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ല. എന്നാല്‍ എല്‍.ഡി.എഫിനാകട്ടെ വോട്ട് നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.
സാധാരണ ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷത്തിനു താഴെ മാത്രം വോട്ട് ലഭിക്കാറുള്ള എല്‍.ഡി.എഫ് ഇത്തവണ ശക്തമായ മുന്നേറ്റമുണ്ടാക്കി. ബി.ജെ.പിയെ പിന്തള്ളി മൂന്നാംസ്ഥാനത്ത് എത്തിയ എസ്.ഡി.പി.ഐ ആണ് ഏറ്റവും നേട്ടമുണ്ടാക്കിയ കക്ഷി. 8648 വോട്ട് പിടിച്ച എസ്.ഡി.പി.ഐ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇരട്ടിയില്‍ അധികം നേട്ടമുണ്ടാക്കി. ബി.ജെ.പിക്കാകട്ടെ ഈ തെരഞ്ഞെടുപ്പ് വലിയ നഷ്ടമുണ്ടാക്കി. 5728 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 7055 ആയിരുന്നു.
യു.ഡി.എഫിലെ കെ.എന്‍.എ ഖാദര്‍ 65,227 വോട്ടുകളും എല്‍.ഡി.എഫിലെ പി.പി ബഷീര്‍ 41,917 വോട്ടുകളും നേടി. ഖാദറിന്റെ ഭൂരിപക്ഷം 23,310 വോട്ടുകള്‍. എസ്.ഡി.പി.ഐ8684 വോട്ടുകളും ബി.ജെ.പി 5728 വോട്ടുകളും നേടി. 2016 ലെ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ 38,000ല്‍ അധികം ഭൂരിപക്ഷത്തിന്റെ അടുത്തെത്താന്‍ ഖാദറിന് കഴിഞ്ഞില്ല. 14,447 വോട്ടകളുടെ കുറവ് യു.ഡി.എഫിനുണ്ടായി.
എങ്കിലും സര്‍വ്വസന്നാഹങ്ങളും സോളാര്‍ ബോംബും എടുത്ത് പ്രയോഗിച്ച് എല്‍.ഡി.എഫ് നടത്തിയ കാടിളക്കിയുള്ള പ്രചാരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസം മാത്രമാണ് യു.ഡി.എഫിനുള്ളത്.
https://www.facebook.com/Malayalivartha

























