കളക്ടറേറ്റില്‍ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു, ബാറ്ററികളുടെ ബന്ധം വിച്ഛേദിക്കുന്നതിനിടെ ഫയര്‍മാന് ഷോക്കേറ്റു

തിരുവനന്തപുരം പേരൂര്‍ക്കട കളക്ടറേറ്റില്‍ ഇന്‍വെര്‍ട്ടര്‍ യൂണിറ്റിലെ ബാറ്ററികള്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. തീ കെടുത്താന്‍ എത്തിയ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സ്‌റ്റേഷന്‍ ഓഫീസര്‍ സി. അശോക് കുമാറിന് ഷോക്കേറ്റു. ഇന്നലെ രാവിലെ 10 നാണ് സംഭവം. മൂന്നാംനിലയിലെ കണ്‍ട്രോള്‍ റൂമിന് സമീപത്തെ പവര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഇന്‍വെര്‍ട്ടറുകളുടെ ബാറ്ററി യൂണിറ്റുകളാണ് അഗ്‌നിക്കിരയായത്. സ്‌ഫോടനത്തോടെ അഞ്ച് ബാറ്ററികള്‍ കത്തി. സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചെങ്കല്‍ചൂളയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി. തീ കെടുത്താനുള്ള ശ്രമത്തിനിടെ 10 ബാറ്ററികള്‍ വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. ബാറ്ററികളുടെ ബന്ധം വിച്ഛേദിക്കുന്നതിനിടെയാണ് ഫയര്‍മാന് ഷോക്കേറ്റത്.
ഒന്നര മണിക്കൂര്‍ സമയമെടുത്ത് 10 പേരടങ്ങുന്ന സംഘമാണ് തീകെടുത്തിയതെന്ന് അഗ്‌നിശമനാ സേന അറിയിച്ചു. കളക്ടറേറ്റിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പ്രവര്‍ത്തിപ്പിക്കുന്ന ബാറ്ററി യൂണിറ്റാണ് കത്തി നശിച്ചത്. ഇനി ഇവിടെ പുതിയത് സജ്ജീകരിച്ചാല്‍ മാത്രമേ കമ്പ്യൂട്ടറുകള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാനാവൂയെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം പരിശോധന നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കളക്ടറേറ്റില്‍ തീകെടുത്തുന്നതിനുള്ള സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനം സാദ്ധ്യമായിരുന്നില്ല. അപകടം നടന്ന മുറിയിലും തീകെടുത്താനുള്ള ഉപകരണമില്ലായിരുന്നത് കൂടുതല്‍ ബാറ്ററികള്‍ തീപിടിക്കുന്നതിന് കാരണമായി. മുറിയില്‍ വെന്റിലേഷന്‍ ഗ്യാപ്പുമില്ലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പും ഇവിടെ ബാറ്ററികള്‍ പെട്ടിത്തെറിച്ചിരുന്നു. അന്ന് ഇലക്ട്രിക്കല്‍ വിഭാഗം പരാതിപ്പെട്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. സ്ഥിരമായി ഒരു ഇലക്ട്രിഷ്യന്‍ ഇവിടെയില്ല.
https://www.facebook.com/Malayalivartha























