പ്രതിരോധ പദ്ധതികളില്‍ ടീം സോളാറിനെ സഹായിക്കാമെന്ന് ആന്റണിയുടെ മകന്‍ പറഞ്ഞെന്ന സരിതയുടെ പരാതി പാര്‍ലമെന്റില്‍ ചര്‍ച്ചയാകും; സോളാറില്‍ നടന്ന പണമിടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചേക്കും

പ്രതിരോധ പദ്ധതികളില്‍ ടീം സോളാറിനെ സഹായിക്കാമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ മകന്‍ വാഗ്ദാനം നല്‍കിയെന്ന സരിതാ എസ്. നായരുടെ പരാതി ബി.ജെ.പി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാലാണ് ബി.ജെ.പി ഇക്കാര്യം രാഷ്ട്രീയ ആയുധമാക്കുന്നത്. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ കമ്പനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളും ജി.ഡി.പിയിലുള്ള കുറവും പ്രതിപക്ഷം പാര്‍ലമെന്റില്‍ ആയുധമാക്കുമെന്ന് മുന്നില്‍ കണ്ടാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ സരിതയുടെ പരാതിയിലെ കാര്യങ്ങള്‍ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക.
സരിത പരാതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഏതെങ്കിലും ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് പല ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ നേതാക്കളും വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസ് അന്വേഷിക്കുന്ന കേരളാ പൊലീസ് സംഘം സരിതയുടെ മൊഴി രേഖപ്പെടുത്തി, അതിലെ വസ്തുതകള്‍ വിലയിരുത്തിയ ശേഷമേ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന കാര്യം ഔദ്യോഗികമായി ഉന്നയിക്കാനാകൂ എന്ന് എ.ബി.വി.പി മുന്‍ അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഡല്‍ഹി കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളുമായ സന്ദീപ് മലയാളി വാര്‍ത്തയോട് പറഞ്ഞു.
അതേസമയം സോളാര്‍ ഇടപാടില്‍ ചില ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചേക്കും. ഇടപാടില്‍ കൈമാറിയ കള്ളപ്പണത്തിന്റെ ഉറവിടം അറിയാനായിരിക്കും അന്വേഷണം. അങ്ങനെ വരുമ്പോള്‍ യു.ഡി.എഫ് നേതാക്കള്‍ വിജിലന്‍സ് അന്വേഷണത്തിനും ബലാല്‍സംഗത്തിനും പുറമേ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും നേരിടേണ്ടിവരും. കേരളത്തില്‍ ഇരുമുന്നണികളെയും രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്ന എന്‍.ഡി.എയ്ക്കും അതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിക്കും ഇത് വലിയൊരു ആയുധമാണ്.
https://www.facebook.com/Malayalivartha























