പട്ടിണിയും പരിവട്ടവുമായി മരുന്നുവാങ്ങാനാകാതെ 38,000 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍

അഞ്ച് മാസമായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടിയിട്ട് മരുന്നു വാങ്ങാനും സാധനങ്ങള്‍ വാങ്ങാനും മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടണം. അവസാനം സഹികെട്ട് കുടുംബ പെന്‍ഷന്‍ വാങ്ങുന്ന വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് ആത്മഹത്യ ചെയ്തത്. തങ്കമ്മയും ബുദ്ധിമാന്ദ്യമുള്ള മകനും കഴിഞ്ഞിരുന്നത് ഈ പെന്‍ഷന്‍ കിട്ടിയിട്ടായിരുന്നു. എന്നാല്‍ പെന്‍ഷന്‍ കിട്ടാതെ വന്നതോടെ ഇവര്‍ക്ക് ആഹാരത്തിനുപോലും വകയില്ലാതെയായി.
ആത്മഹത്യ ചെയ്യുന്നതിന്റെ അന്ന് രാവിലെയും അവര്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പിന്നീട് ഉച്ചയോടെയാണ് വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയില്‍ തങ്കമ്മയെ അയല്‍വാസികള്‍ കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പാണ് കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന ഇവരുടെ ഭര്‍ത്താവ് മാധവന്‍ മരണപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഇവരുടെ ആകെയുള്ള വരുമാനം പെന്‍ഷനായിരുന്നു.
ഏതാണ്ട് ഇതേ അവസ്ഥയിലാണ് 38,000 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു നേരത്തേ വാഗ്ദാനം നല്‍കിയിരുന്ന ധനമന്ത്രിയും ഒടുവില്‍ കൈമലര്‍ത്തിയതോടെയാണ് പെന്‍ഷന്‍കാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടത്. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സര്‍ക്കാരിനു പുതിയ റവന്യു ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നുമാണ് ഐസക്കിന്റെ പുതിയ നിലപാട്.
ഒരു കൊല്ലമായി ശമ്പളത്തിനും പെന്‍ഷനും വേണ്ട പണം സര്‍ക്കാര്‍ നല്‍കുന്നുവെന്ന തെറ്റായ അവകാശവാദവും മന്ത്രി നേരത്തെ നിരത്തിയിരുന്നു. അഞ്ചു മാസമായി പെന്‍ഷന്‍ ലഭിക്കാത്തതില്‍ പെന്‍ഷന്‍കാരുടെ പ്രയാസം മനസ്സിലാക്കുന്നുവെന്നു സമ്മതിച്ചതിനുശേഷമുള്ള വരിയിലാണ് ഒരു വര്‍ഷമായി സര്‍ക്കാര്‍ പണം നല്‍കുകയോ വായ്പയ്ക്കു ഗാരന്റി നില്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നു മന്ത്രി അവകാശപ്പെട്ടത്. ഈ അവകാശവാദത്തെക്കുറിച്ചും പെന്‍ഷന്‍കാര്‍ക്കു മുന്‍പു നല്‍കിയ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടു പോയതിനെക്കുറിച്ചും പ്രതികരണം തേടി മന്ത്രി തോമസ് ഐസക്കിനെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല.
യൂണിയനുകളും പെന്‍ഷന്‍ സംഘടനകളും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അതു മാത്രമേ പരിഹാരമുള്ളൂ എന്നുമാണു ഫെയ്‌സ്ബുക്കിലൂടെ മന്ത്രിയുടെ ഉപദേശം. ഇതു നടപ്പാക്കുന്നതുവരെ വരവുചെലവു കണക്കിലെ വിടവു സര്‍ക്കാര്‍ നികത്തും.
ശമ്പളവും പെന്‍ഷനും നല്‍കണമെന്ന് ആഗ്രഹിച്ചാലും സാധിക്കുന്ന ധനസ്ഥിതിയല്ല ഉള്ളത്. കിഫ്ബി വഴി 50,000 കോടി രൂപയുടെ പദ്ധതികള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ സര്‍ക്കാരിന്റെ ധനക്കമ്മി മൂന്നു ശതമാനത്തില്‍ കൂടാന്‍ പാടില്ല. വായ്പയെടുക്കുന്ന പണം ശമ്പളത്തിനും പെന്‍ഷനും ഉപയോഗിക്കാനാകില്ല.
അഞ്ചു മാസമായി പെന്‍ഷന്‍ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണു പെന്‍ഷന്‍കാര്‍. കഴിഞ്ഞ ദിവസം ഒരാള്‍ ജീവനൊടുക്കുകയും ചെയ്തു. പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ 224 കോടി രൂപയാണു കെഎസ്ആര്‍ടിസിക്കു വേണ്ടത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ആരുടെയും ഔദാര്യമല്ല, സര്‍വീസ് കാലത്ത് ഒഴുക്കിയ വിയര്‍പ്പിന്റെ വിലയാണ്. ഈ സര്‍ക്കാരിന്റെ കാലത്തു പെന്‍ഷനുവേണ്ടി നിങ്ങള്‍ സമരം ചെയ്യേണ്ടിവരില്ല; പെന്‍ഷന്‍ മുടങ്ങില്ല. (മുഖ്യമന്ത്രി പിണറായി വിജയന്‍, 2016 ജൂണ്‍ 26)
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശിക സെപ്റ്റംബര്‍ 30നു മുന്‍പ് ഒറ്റഗഡുവായി നല്‍കും. ഒക്ടോബര്‍ മുതല്‍ എല്ലാ മാസവും ആദ്യ ആഴ്ചയില്‍ത്തന്നെ പെന്‍ഷന്‍ വിതരണം ചെയ്യും. ന്മ ഗതാഗത മന്ത്രിയായിരിക്കെ (തോമസ് ചാണ്ടി, 2017 ജൂലൈ 19)
അടുത്ത മാസംമുതല്‍ രണ്ടു വര്‍ഷത്തേക്കു കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. നാലു മാസത്തെ പെന്‍ഷന്‍ കുടിശിക ഘട്ടംഘട്ടമായി നല്‍കും. (മന്ത്രി തോമസ് ഐസക്, 2017 ഒക്ടോബര്‍ 4)
https://www.facebook.com/Malayalivartha






















