കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

ഇന്നലത്തെ സര്‍വീസ് രാത്രിയില്‍ അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ജീവത് ഭവനില്‍ ജോണ്‍ റോബര്‍ട്ട് കുരിശമ്മ ദമ്പതികളുടെ മകന്‍ റോബിന്‍സണാണ് (29)മരിച്ചത്. ഓട്ടോ ഡ്രൈവര്‍ കോട്ടപ്പുറം മഠം സ്വദേശി ബിജുവിനെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ ബസ് ഡിപ്പോയിലേക്ക് കയറുന്നതിന് രണ്ട് മിനിട്ട് മുമ്പ് പ്രധാന കവാടത്തിന് മുന്നില്‍ വച്ച് എതിര്‍ദിശയില്‍ നിന്നെത്തിയ ഓട്ടോയില്‍ ബസ് ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പള്ളിച്ചല്‍ വെങ്ങാനൂര്‍ വഴി വിഴിഞ്ഞത്തേക്കുള്ള ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. കേബിള്‍ ടിവി സ്ഥാപനത്തിലെ ജീവനക്കാരനായ റോബിന്‍സണ്‍ കേബിളെടുക്കാനായി ഓട്ടോയില്‍ പോകുമ്പോഴായിരുന്നു അപകടമെന്ന് പറയപ്പെടുന്നു.
ഓടിക്കൂടിയ വഴിയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും റോബിന്‍സണ്‍ മരിച്ചു. പരിക്കേറ്റ ബിജു ചികിത്സയിലാണ്. റോബിന്‍സണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാമിന ഭാര്യയും റയാന മകളുമാണ്. ട്രാഫിക് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















