കാബിനറ്റിലെ രഹസ്യങ്ങൾ ചോർത്തുന്നത് സി പി ഐ മന്ത്രിമാരാണെന്നന്ന് സി പി എമ്മിന് സംശയം; ഇതിൽ മന്ത്രി ചന്ദ്രശേഖരനെയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സംശയം...

കെ.എം മാണിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ സി പി ഐ നേതാക്കളെയും മന്ത്രിമാരെയും ഒരു പാഠം പഠിപ്പിക്കാൻ സി പി എം തീരുമാനിച്ചു. സി പി ഐ നേതാക്കൾ സംസ്ഥാനത്തുടനീളം നടത്തുന്ന അഴിമതിയുടെ ചുരുൾ നിവർത്താനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. കാനം രാജേന്ദ്രനുൾപ്പെടെയുള്ള നേതാക്കൾ പകൽ മാന്യൻമാർ മാത്രമാണെന്ന തരത്തിൽ വരും ദിവസങ്ങളിൽ സി പി എം നേതാക്കൾ പ്രതികരിക്കും. ഫലത്തിൽ സംസ്ഥാന ഭരണം വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ബാർക്കോഴയുടെ പേരിൽ കെ.എം.മാണിക്കെതിരെ രംഗത്തെത്തിയ കാനം സദ്ഗുണ സമ്പന്നനല്ല എന്നാണ് സി പി എം നേതാക്കൾ പറയുന്നത്. അദ്ദേഹം സി പി എം നേതാക്കളെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വരെ സി പി എം ആരോപിക്കുന്നു. കാബിനറ്റ് യോഗങ്ങൾ നടക്കുമ്പോൾ മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാറുണ്ട്. മുഖ്യമന്ത്രിക്ക് പലപ്പോഴും അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കേണ്ടതായി വരും. കാരണം ചന്ദ്രശേഖരന്റെ വാദങ്ങളെ സി പി ഐ മന്ത്രിമാർ പിന്താങ്ങും. ഇരട്ട ചങ്കൻ എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും പിണറായിക്ക് ഇവരെ എതിർക്കാനുള്ള ധൈര്യം പോരാ.
സി പി ഐക്കാർ ഉന്നതരും സി പി എമ്മുകാർ മോശക്കാരും എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിക്കാർ സിപിഎമ്മുകാരാണെന്ന രീതിയിലാണ് സി പി ഐ വിമർശിക്കുന്നത്. കേരള കോൺഗ്രസ് എമ്മുമായി പിണറായി ചർച്ച നടത്തിയെന്ന മട്ടിലാണ് സി പി ഐ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് സി പി എം പക്ഷം. കെ.എം.മാണിക്കെതിരായ വിജിലൻസ് കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയത് വിജിലൻസാണ്. അതിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. വിജിലൻസാണ് അന്വേഷണങ്ങൾ നടത്തുന്നത്. അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന പതിവില്ല. എന്നിട്ടും സി പി എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നു.
ക്യാബിനറ്റ് രഹസ്യമായി നടത്തുന്ന ചർച്ചകൾ പരസ്യമാകുന്നത് എങ്ങനെയാണെന്ന് സി പി എമ്മിനറിയാം. വാർത്ത ചോർത്തി കൊടുന്നവർ തന്നെ ഇക്കാര്യം സി പി എം നേതാക്കളെ അറിയിക്കാറുണ്ട്. എന്നാൽ മുന്നണി മര്യാദകൾ കരുതി പുറത്തു പറയാറില്ല. ഇത്തരത്തിൽ ഒരു പാട് ക്ഷമിച്ചിട്ടും സമ്മതിക്കുന്നില്ലെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. അവയ്ലബിൾ പി ബി എന്നൊക്കെ പറയുന്നത് പോലെ അവയ്ലബിൾ ക്യാബിനറ്റ് കൂടിയാലെന്തെന്ന് വരെ സർക്കാർ ആലോചിക്കുന്നുണ്ട്. വിമർശനങ്ങൾ സഹിച്ചാലും ഇത്തരം അനീതികൾ അംഗീകരിക്കരുതെന്ന് തന്നെയാണ് തീരുമാനം.
സർക്കാരിനെ മോശമാക്കാൻ സി പി ഐ ശ്രമിക്കുന്നു എന്ന ആരോപണം സി പി ഐ യുടെ ദേശീയ നേതാക്കളെ നിരവധി വട്ടം അറിയിച്ചതാണ്. എന്നാൽ സംസ്ഥാന കമ്മിറ്റിയെ പിന്താങ്ങുന്ന നിലപാടാണ് സി പി ഐ ദേശീയ നേതൃത്വം പണ്ടേ സ്വീകരിക്കുന്നത്. ഇതിനെതിരെ ഇനി പരസ്യമായ പ്രതികരണം മാത്രമാണ് പോംവഴി.
https://www.facebook.com/Malayalivartha


























