ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസം; ശിവസേന എന്‍.ഡി.എ വിടുന്നു

ബി.ജെ.പിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ദേശീയജനാധിപത്യ സഖ്യവുമായുള്ള ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 29 വര്‍ഷമായി മുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായിരുന്നു എന്‍.ഡി.എ. മുംബയില്‍ ചേര്‍ന്ന ശിവസേന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് മുന്നണി വിടുന്ന തീരുമാനം എടുത്തത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചു. മോദി പ്രധാനമന്ത്രിയും അമിത്ഷാ ബി.ജെ.പി അധ്യക്ഷനും ആയ ശേഷം ശിവസേനയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശിവസേനയുടെ ശക്തികേന്ദ്രമായിരുന്ന മുംബയില്‍ ബി.ജെ.പി ആധിപത്യം ഉറപ്പിക്കുന്നതും സേനയെ ചൊടിപ്പിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാമെന്ന പ്രമേയം സഞ്ജയ് റാവത്താണ് അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളില്‍ 25ലധികം സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് സേനയുടെ കണക്ക് കൂട്ടല്‍. പ്രത്യേകിച്ച് നഗരകേന്ദ്രീകൃത മേഖലകളില്‍. 288 നിയമസഭാ സീറ്റുകളില്‍ 150 എണ്ണമെങ്കിലും നേടാനാകുമെന്ന് ശിവസേന നേതൃത്വം കണക്ക് കൂട്ടുന്നു. കേന്ദ്രവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നരേന്ദ്രമോദിയുടെ നയങ്ങളെ ശിവസേന പര്യമായി വിമര്‍ശിച്ചിരുന്നു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റപ്പോള്‍ ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ ആശംസകള്‍ അര്‍പ്പിച്ച് മുഖപ്രസംഗം വന്നതും ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ വര്‍ഷം ബ്രിഹന്‍ മുംബയ് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കാണ് മല്‍സരിച്ചിരുന്നത്. അന്ന് 84 സീറ്റ് നേടി അവര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. തുടര്‍ന്നാണ് മുന്നണി വിടാനുള്ള തീരുമാനം ശിവസേനയില്‍ ശക്തമായത്. ബി.ജെ.പിയുമായി താമസിക്കാതെ പിരിയേണ്ടിവരുമെന്ന് സഞ്ജയ് റാവത്ത് കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നയങ്ങള്‍ക്കും വിലകല്‍പ്പിക്കാത്തതിനാല്‍ ശിവസേന ജനപ്രതിനിധികള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























