കോടിയേരി ബാലകൃഷ്ണന്‍ ഇടയ്ക്കിടെ വിദേശത്ത് പോകുന്നത് അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍; കോടിയേരിയെ വിശ്വസിച്ചാണ് കമ്പനി പണം നല്‍കിയതെന്ന് വാഴയ്ക്കന്‍

ദുബയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വെളിപ്പെടുത്തി. പരാതിയെ കുറിച്ച് വാര്‍ത്ത പുറത്ത് വന്നതോടെ മാതൃഭൂമി ചാനല്‍ പ്രതികരണത്തിനായി വിളിച്ചപ്പോഴാണ് സുരേന്ദ്രന്‍ കോടിയേരിയുടെ മകന്റെ പേരും പങ്കും വ്യക്തമാക്കിയത്. നിങ്ങള്‍ പ്രമുഖ നേതാവിന്റെ മകനെന്ന് പറയണ്ട, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയാണ് തട്ടിപ്പ് നടത്തിയ മുങ്ങിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിനോയ് കോടിയേരിയല്ല തട്ടിപ്പ് നടത്തിയതെന്ന് സി.പി.എമ്മിന് പറയാതിരിക്കാന്‍ കഴിയുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. കമ്പനി
അധികൃതര്‍ കോടിയേരിയെ ആദ്യം പരാതി അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊള്ളപ്പലിശക്കാരുമായും ക്രിമിനല്‍ സംഘങ്ങളുമായും കോര്‍പ്പറേറ്റുകളുമായും ബന്ധംപാടില്ലെന്നാണ് സി.പി.എം പാലക്കാട് പ്ലീനം അംഗീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. അമ്പലത്തിലോ, മറ്റ് ആരാധനാലയങ്ങളിലോ പാര്‍ട്ടി കുടുംബങ്ങളിലുള്ളവര്‍ പോകരുതെന്ന് നിര്‍ദ്ദേശം മുമ്പ് പാര്‍ട്ടി വച്ചിരുന്നു. അതിനാല്‍ സംഭവം അന്വേഷിക്കേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി പറയുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോടിയേരി ഇടയ്ക്കിടെ വിദേശങ്ങളില്‍ പോകുന്നതെന്തിനാണെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണനെ വിശ്വസിച്ചാണ് കമ്പനി അധികൃതര്‍ പണം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി. സി.പി.എം നേതാവിന്റെ പേരിലാണ് ആക്ഷേപം ഉയര്‍ന്നത് അതിനാല്‍ അന്വേഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാകണം. പല തവണ പണം വാങ്ങിയ ശേഷമാണ് തട്ടിപ്പാണെന്ന് കമ്പനിക്ക് ബോധ്യമായത്. തട്ടിപ്പ് നടത്തിയ മകന്‍ കേരളത്തില്‍ കഴിയുകയാണെന്നും ജോസഫ് വാഴയ്ക്കന്‍ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് സി.പി.എം വിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭാ മീഡിയാറൂമില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോപണം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയോ നേതാക്കളോ വ്യക്തമായ വിശദീകരണം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























