ഇന്ധന വില വർദ്ധനവിന് കാരണം കേന്ദ്ര സർക്കാർ നികുതിയും പെട്രോളിയം കമ്പനികളുടെ കൊള്ളയും; സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവിന് കാരണം കേന്ദ്ര സർക്കാരിന്റെ വർധിച്ച നികുതിയും പെട്രോളിയം കമ്പനികളുടെ കൊള്ളയുമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചില്ലെന്നും പി.കെ ശശി എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ വരുത്തിയ ക്രമാതീതമായ വര്‍ദ്ധനയാണ്. 2015ല്‍ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി ലിറ്ററിന് 11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്.69 ശതമാനമാണ് വര്‍ദ്ധനവ്. ഡീസലിന്റെ കേന്ദ്രനികുതി 4രൂപ 46 പൈസ ആയിരുന്നത് ഇന്ന് 15 രൂപ 33 പൈസയാണ്. അതായത് 243 ശതമാനം വര്‍ധനവ്.
ക്രൂഡോയിലിന്‍റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ നിശ്ചിത ശതമാനമാണ് നികുതിയായി ചുമത്തുന്നത്. അതിനാൽ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടാകുന്ന വില വര്‍ധനവിന് ആനുപാതികമായി നികുതി തുകയും ഉയരും.
സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ് അല്ലാതെ നികുതി വര്‍ദ്ധന ഉണ്ടായിട്ടില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികൾക്ക് നല്‍കിയതാണ് അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണം. ഈ യാഥാര്‍ഥ്യം മറച്ചുവക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നികുതിയാണ് വിലക്കയറ്റത്തിനു കാരണമെന്ന് പ്രചരിപ്പിക്കുന്നത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിക്കും. ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഇന്ന് വാഹന പണിമുടക്ക് നടക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























