പഞ്ചസാരയില്ലെങ്കില്‍ കാന്‍സര്‍ പടരില്ല ; സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ ഡോക്ടര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി

തനിക്കു നേരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ ലേക്ഷോര്‍ ആശുപത്രി ക്യാന്‍സര്‍ വിഭാഗം ഡോക്ടര്‍ വിപി ഗംഗാധരന്‍ പോലീസിന് പരാതി നല്‍കി. ക്യാന്‍സര്‍ ഭേദമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നതായുള്ള കാര്യങ്ങളായാണ് സമൂഹ മാധ്യമങ്ങളില്‍ വിപി ഗംഗാധരന്റെ ചിത്രത്തോടു കൂടി പ്രചരിക്കുന്നത്. ക്യാന്‍സര്‍ മാറാന്‍ പഞ്ചസാര ഒഴിവാക്കുക, ചെറുനാരങ്ങാ നീര് വെറും വയറ്റില്‍ കഴിക്കുക, ഓര്‍ഗാനിക് വെളിച്ചെണ്ണ കഴിക്കുക തുടങ്ങിയ അബദ്ധങ്ങളാണ് ഡോക്ടറുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ഡോക്ടറുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ നിര്‍ദേശങ്ങള്‍
ആധുനിക വൈദ്യ ശാസ്ത്ര ചികിത്സാ രീതികളെ അവഗണിച്ച് രോഗം ഗുരുതരാവസ്ഥയില്‍ എത്തിക്കാന്‍ മാത്രമേ ഇത്തരം സംഗതികള്‍ കൊണ്ട് പ്രയോജനം ഉള്ളൂ എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. തന്റെ പേര് വെച്ചുള്ള ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍ കപട ചികിത്സാ രീതികളെ പിന്തുടരുന്നവരാണെന്ന സംശയമാണ് ഉള്ളതെന്നും പരാതിക്കാര്‍ക്കെതിരെ താന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും ഡോ. വി പി ഗംഗാധരന്‍ പ്രതികരിച്ചു. ഇത്തരം പ്രചാരണങ്ങളുടെ തുടക്കം എവിടെ നിന്നാണ് വരുന്നതെന്ന് ഇതുമൂലം അറിയാന്‍ കഴിയുമെന്നും ആരും ഇത്തരം അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുള്ളാത്ത, ലക്ഷ്മി തരു എന്നിവയുടെ ഇലകള്‍ കഴിച്ചാല്‍ കാന്‍സര്‍ മാറും എന്ന തരത്തിലുള്ള പ്രചരണങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി നടന്നിരുന്നു. ഇത്തരം തട്ടിപ്പുകള്‍ വിശ്വസിച്ച നിരവധി ആളുകള്‍ക്ക് രോഗം ഗുരുതരാവസ്ഥയിലാവുകയും
അത് മൂലം മരണം വരെ സംഭവിക്കുകയും ചെയ്തിട്ടുള്ളത് വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha



























