ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച പരാതിയെ കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന റിട്ട. പൊലീസുകാരനെ വിളിച്ച് യുവതി തട്ടിപ്പ് നടത്തി

തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. റിട്ട. പൊലീസുകാരനെ കബളിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 89,000രൂപ കവര്‍ന്നു. മംഗലപുരം ഇടവിളാകം മേലേവിള വീട്ടില്‍ ശശിധരന്റെ(64) പണമാണ് നഷ്ടമായത്. രണ്ടുതവണ ഇന്റര്‍നെറ്റ് ഫോണ്‍ കോളിലൂടെ ബന്ധപ്പെട്ടാണ് സംഘം പണം തട്ടിയെടുത്തത്. എസ്.ബി.ഐ യുടെ മുംബൈ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ആദ്യം ശശിധരനെ വിളിച്ചത്. അടുത്തിടെ ശശിധന് ലഭിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല, അതുസംബന്ധിച്ച് നല്‍കിയ പരാതിയെ കുറിച്ച് അറിയാന്‍ വിളിച്ചതെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ ഈ പ്രശ്‌നം മുംബൈയ് ഓഫീസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരിഹരിച്ചെന്നും കാര്‍ഡു ഉപയോഗിച്ച് തുടങ്ങിയെന്നും ശശിധരന്‍ പറഞ്ഞു.
അതേ സമയം തട്ടിപ്പ് നടത്തിയ യുവതി കാര്‍ഡ് സംബന്ധിച്ച പൂര്‍ണ്ണ വിവരം ചോദിച്ചു മനസിലാക്കുകയും ശരിയാണോയെന്ന് ഉറപ്പാക്കുകയും ചെയ്തു. നിങ്ങളുടെ എന്‍ക്വയറി കഴിഞ്ഞതായും മൊബൈല്‍ ഫോണിലേക്ക് ഉടന്‍ ഒരു സന്ദേശമെത്തുമെന്നും അതിലുള്ള ഒ.ടി.പി നമ്പര്‍ പിന്നീട് വിളിക്കുമ്പോള്‍ പറഞ്ഞു തരണമെന്നും നിര്‍ദേശിച്ചു. ഒ.ടി.പി നമ്പര്‍ പറഞ്ഞതോടെ എല്ലാം ശരിയായെന്ന് പറഞ്ഞു. പത്തുമിനിട്ട് കഴിഞ്ഞ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ലിങ് ചെയ്യാനാണെന്ന പറഞ്ഞ് എ.ടി.എം നമ്പരും ആധാര്‍കാര്‍ഡ് നമ്പരുംആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ തുടരെ സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും ബൈക്കോടിച്ചു കൊണ്ടിരുന്നതിനാല്‍ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടെ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ ഓഫീസില്‍ നിന്ന് ഫോണ്‍വിളിച്ച് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് തട്ടിപ്പിനിരയായ സംഭവം മനസിലായത്. ഉടന്‍ മൊബൈല്‍ ഫോണിലെത്തിയ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ആദ്യം 85,065 രൂപയും പിന്നീട് 4040 രൂപയും പിന്‍വലിച്ചതായി മനസിലാക്കി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഓഫീസ് ശശിധരന്റെ പരാതി സ്വീകരിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇവരുടെ നിര്‍ദേശാനുസരണം ശശിധരന്‍ മംഗലപുരം പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. സൈബര്‍ പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിവരങ്ങള്‍ ഹൈടെക് സെല്ലിന് കൈമാറി.
https://www.facebook.com/Malayalivartha



























