കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുള്ള ധാരണ വേണ്ടെന്ന അഭിപ്രായമുള്ളവര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്: കാനം രാജേന്ദ്രന്‍

ബി.ജെ.പിയെ നേരിടാന്‍ മറ്റാരും വേണ്ടെന്ന നയം വിടുവായത്തമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞങ്ങള്‍ മാത്രം മതി, ഞങ്ങളെ കൊണ്ട് എല്ലാം കഴിയുമെന്ന രീതി ശരിയല്ല. ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഇടത്പക്ഷത്തിന്റെ ദൗത്യമെന്നും അദ്ദേഹം സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ രൂക്ഷമായി അദ്ദേഹം പ്രതികരിച്ചു. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടണം. മതേതര കക്ഷികളെയെല്ലാം യോജിപ്പിക്കണം. മറ്റ് അഭിപ്രായമുള്ളവര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസുമാണ് മുഖ്യശത്രുക്കളെന്നും കാനം ഓര്‍മിപ്പിച്ചു. വടക്കന്‍കൊറിയയുടെ ഏകാധിപത്യനിലപാടിനെ പിന്തുണയ്ക്കുന്നില്ല. 90ന് ശേഷം ഒരു രാജ്യത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും സി.പി.ഐ അന്ധമായി പിന്തുടരുന്നില്ലെന്നും കാനം വ്യക്തമാക്കി.
സി.പി.എമ്മിന്റെ വടക്കന്‍ കൊറിയ അനുകൂല നിലപാടിനെയും ചൈനയെ അമിതമായി പിന്തുണയ്ക്കുകയും ചെയ്യുന്ന സി.പി.എം നിലപാടുകളെയും കാനം തള്ളിക്കളയുന്നതായാണ് കൊല്ലം സമ്മേളനത്തില്‍ നിന്ന് മനസിലാകുന്നത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണ് സി.പി.ഐയുടെയും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെയും നിലപാട്.
കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഹകരണവും വേണ്ടെന്ന ശക്തമായ നിലപാടിലാണ് സി.പി.എം കേരള ഘടകവും കേന്ദ്രകമ്മിറ്റിയും. കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് പ്രമേയം പ്രകാശ് കാരാട്ട് പക്ഷം വോട്ടിനിട്ട് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്നും അവരുടെ സാമ്പത്തിക നിലപാടുകള്‍ ബി.ജെ.പിയുടേത് പോലെയാണെന്നും ആരോപിച്ചാണ് കാരാട്ട് പക്ഷം കോണ്‍ഗ്രസിന് അയിത്തം കല്‍പ്പിക്കുന്നത്. ഹൈദരാബാദില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
മതേതരകക്ഷികളെ ഒന്നിപ്പിച്ച് ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെ ദേശീയ ബദല്‍ ഉണ്ടാക്കണമെന്നാണ് സി.പി.ഐ ആഗ്രഹിക്കുന്നത്. അവരുടെ സമ്മേളനങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. സി.പി.ഐ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുകയും സി.പി.എം പിന്‍മാറുകയും ചെയ്താല്‍ ഇടത് മുന്നണിയില്‍ അത് വലിയ വിള്ളലുണ്ടാക്കും.
https://www.facebook.com/Malayalivartha



























