കോഴിയെ കൊന്നതിന് അയൽവാസി നായയെ അതിക്രൂരമായി മർദ്ദിച്ചു കൊന്നു; ഉടമസ്ഥൻ നിയമ നടപടിക്കൊരുങ്ങുന്നു...

കോഴിയെ കൊന്നതിന് വളർത്തു നായയെ അയല്‍വാസി മനഃസാക്ഷിയില്ലാതെ അതിക്രൂരമായി അടിച്ചു കൊന്നു. കൊച്ചി ഞാറയ്ക്കലിലാണ് സംഭവം. മേനക ഗാന്ധിക്കും കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും നായയുടെ ഉടമസ്ഥന്‍ ജിതേന്ദ്രദാസ് പരാതി നല്‍കിയിട്ടുണ്ട്. വീട്ടിലെ അമ്മയുടെയും സഹോദരിയുടെയും സുരക്ഷ കരുതിയാണ് ജിതേന്ദ്രദാസ് നായ്കുട്ടിയെ വളർത്താൻ തീരുമാനിച്ചത്. എന്നാൽ അയല്‍വാസിയായ സുനി എന്ന ഓട്ടോ ഡ്രൈവർ അതിക്രൂരമായി നായയെ കൊല്ലുകയായിരുന്നു. ജിതേന്ദ്രദാസ് നിയമ നടപടിക്കൊരുങ്ങുകയാണ്. സംഭവത്തില്‍ ജിതേന്ദ്രദാസ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
അയല്‍വാസി നായയെ പൈപ്പ് വച്ച് പലതവണ തലയ്ക്കടിച്ചതിനെത്തുടർന്ന് മാരകമായ അടിയേറ്റ നായ ചാകുകയായിരുന്നു. ജിതേന്ദ്രദാസ് പ്രമുഖ ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞതിങ്ങനെയാണ്;
തന്റെ മക്കളെ അടക്കം ഉപദ്രവിക്കാന്‍ ശ്രമിച്ചതുക്കൊണ്ടാണ് നായയെ കൊന്നതെന്നാണ് സുനില്‍ പൊലീസില്‍ പറഞ്ഞത് എന്നാല്‍ ഇത് സത്യമല്ല. മറ്റുളളവരോട് സ്വാഭാവികമായി പെരുമാറുന്ന നായക്കുട്ടി കോഴി പൂച്ച എന്നിവയെ കണ്ടാല്‍ അക്രമാസക്തമാകും. നേരത്തേ സുനിലിന്റെ വീട്ടിലെ കോഴിയെ പിടിച്ചിട്ടുമുണ്ട്. അന്ന് ബഹളമുണ്ടാക്കിയ സുനിലിന് കോഴിയെ വാങ്ങി നല്‍കാമെന്ന് അമ്മ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇയാള്‍ നായയെ കൊന്നത്. ജനുവരി 23നാണ് സംഭവം നടന്നത്. പൊതുവെ കൂട്ടില്‍നിന്ന് പുറത്തിറക്കാറില്ലാത്ത നായയെ അന്ന് പുറത്തുകൊണ്ടുപോയതിന് ശേഷം മുറ്റത്ത് കെട്ടിയിട്ടു.
നായയ്ക്കുള്ള ആഹാരവുമായി തിരിച്ചുവന്നപ്പോള്‍ അതിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത വീട്ടിലെ ചേച്ചി ഒരക്ഷരം മിണ്ടാനാകാതെ അപ്പുറത്തെ അമ്പലത്തിന്റെ വശത്തേക്ക് നിസ്സാഹായയായി നോക്കുക മാത്രമാണ് ചെയ്തത്. അമ്പലത്തിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും അയാള്‍ തന്റെ അടുത്തേക്ക് വന്നു. ''എന്റെ കോഴിയെ പിടിച്ചതിന് നിന്റെ നായയെ തല്ലിക്കൊന്നിട്ടിട്ടുണ്ട്'' എന്നാണ് സുനില്‍ പറഞ്ഞത്. ഇത് കേട്ട് ഓടിച്ചെല്ലുമ്പോള്‍ തലപ്പൊട്ടി ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു നായ. വയറില്‍ ചെറിയൊരു മിടിപ്പ് ബാക്കിയുണ്ടായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ കയ്യിലെടുത്തെങ്കിലും വായില്‍നിന്ന് രക്തം ഒലിച്ച് അത് ചത്തു. തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കോഴിയെ പിടിച്ചാല്‍ നായയെ കൊല്ലില്ലേ എന്നായിരുന്നു ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ ചോദ്യം. മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയ്ക്കും കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനും പരാതി നല്‍കി. പിന്നീട് പൊലീസ് സ്റ്റേഷനില്‍നിന്ന് എസ് ഐ വിളിപ്പിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസിനെ തുടര്‍ന്ന് സുനിലിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി.
മനേകാഗാന്ധിയുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആംനസ്റ്റിയില്‍നിന്ന എന്നെ നേരിട്ട് വിളിക്കുകയും കേരളത്തിലെ വിംഗ് നേരിട്ടെത്തി സംഭവങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ദയ എന്ന സംഘടനയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇനി ഒരു ജീവിയോടും ഈ ക്രൂരത കാട്ടരുത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതുവഴി എല്ലാവര്‍ക്കും ഇതൊരു പാഠമാകണമെന്നാണ് എന്റെ ആഗ്രഹം.- ജിതേന്ദ്രദാസ് പറഞ്ഞു.


https://www.facebook.com/Malayalivartha



























