ഫോണ്‍ കെണി വിവാദത്തില്‍ രാജിവെക്കേണ്ടി വന്ന എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരികെ എടുക്കണമെന്ന് എന്‍.സി.പി സംസ്ഥാനനേതൃത്വം ആവശ്യപ്പെടും

ഫോണ്‍ കെണി വിവാദത്തില്‍ രാജിവെക്കേണ്ടി വന്ന എ.കെ. ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെ വരുന്നു. എന്‍.സി.പി ദേശീയ നിര്‍വാഹകസമിതി യോഗ ശേഷം ദേശീയ പ്രസിഡന്റ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. എന്‍.സി.പിയിലേക്ക് ആര്‍. ബാലകൃഷ്ണപിള്ളയെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനും സംസ്ഥാനനേതൃത്വം തീരുമാനിച്ചു. ശശീന്ദ്രനെതിരെ കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസ് അവസാനിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ തിരികെ എടുക്കണമെന്ന് എന്‍.സി.പി സംസ്ഥാനനേതൃത്വം മുഖ്യമന്ത്രിയോടും എല്‍.ഡി.എഫ് നേതൃത്വത്തോടും ആവശ്യപ്പെടും. എന്‍.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.പി. പീതാംബരന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പാര്‍ട്ടിതീരുമാനം അറിയിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ചൊവ്വാഴ്ച കത്ത് നല്‍കും. നേരത്തേ അദ്ദേഹം ചുമതല വഹിച്ചിരുന്ന ഗതാഗതവകുപ്പ് തന്നെയാവും ലഭിക്കുകയെന്നാണ് സൂചന. സത്യപ്രതിജ്ഞയുടെ കാര്യം മുഖ്യമന്ത്രിയാവും തീരുമാനിക്കുക.
ചാനല്‍ ലേഖികയുമായി ബന്ധപ്പെട്ട ഫോണ്‍വിവാദത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് 2017 മാര്‍ച്ച് 26 നാണ് എ.കെ. ശശീന്ദ്രന്‍ രാജിവെച്ചത്. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് പി.എസ്. ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് നേരത്തേ ശശീന്ദ്രന് അനുകൂലമായിരുന്നു. പിന്നാലെയാണ് കേസ് നിലനിന്ന കീഴ്‌കോടതിയില്‍ പരാതിക്കാരി അദ്ദേഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
കോടതി നിലപാട് അനുകൂലമായതോടെ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ നേതൃത്വവും ശശീന്ദ്രന്റെ മടങ്ങിവരവിന് പച്ചക്കൊടി കാട്ടി. കായല്‍ കൈയേറ്റ വിവാദത്തില്‍പെട്ട് രാജിവെച്ച തോമസ് ചാണ്ടിയുമായി രൂക്ഷമായ രാഷ്ട്രീയ ഏറ്റുമുട്ടലിലായ സി.പി.ഐ നേതൃത്വത്തിന് ശശീന്ദ്രന്റെ മടങ്ങിവരവിനോടാണ് താല്‍പര്യമേറെ. തോമസ് ചാണ്ടി കൂടി രാജിവെച്ചതോടെ ഇരുവരില്‍ ആരാണോ ആദ്യം കുറ്റമുക്തനായി തിരികെ എത്തുന്നത് അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു എന്‍.സി.പി സംസ്ഥാനനേതൃത്വത്തിലുണ്ടായ ധാരണ.
https://www.facebook.com/Malayalivartha



























