തവളകള്‍ വംശനാശഭീഷണി നേരിടുകയാണെന്നും മണവാട്ടിത്തവളയെ കാണാനേയില്ലെന്നും ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍

തവളകള്‍ വംശനാശഭീഷണി നേരിടുകയാണെന്നും മണവാട്ടിത്തവളയെ കാണാനേയില്ലെന്നും ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. എസ്.ഡി.ബിജു. കൊല്ലം കടക്കല്‍ സ്വദേശിയായ ബിജു തവളകളെക്കുറിച്ച് റിസർച്ച് നടത്തുകയാണ്. ബ്രണ്ണന്‍ കോളേജില്‍ ശാസ്ത്രകോണ്‍ഗ്രസില്‍ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കവെയാണ് അദ്ദേഹം തവളകളുടെ കാര്യം പറഞ്ഞത്.
"മുന്‍പ് മണവാട്ടിത്തവള വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. പക്ഷിയും മീനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്നത് തവളകളാണ്. ലോകത്ത് തവളകള്‍ 74 മുതല്‍ 78 ശതമാനം വരെ വംശനാശ ഭീഷണി നേരിടുമ്പോള്‍ ഇന്ത്യയില്‍ ഇത് 80 ശതമാനം വരെയാണ്. ലോകത്ത് 7014 ഇനം തവളകളുള്ളതില്‍ 412 ഇനം ഇന്ത്യയിലാണ്. ആവാസവ്യവസ്ഥയിലെ മാറ്റമാണ് തവളകളുടെ വംശനാശത്തിന് കാരണമാകുന്നത്. തണ്ണീര്‍ത്തടസംരക്ഷണമാണ് ഇവയെ സംരക്ഷിക്കാനുള്ള വഴി. മനുഷ്യന്‍തന്നെയാണ് ജീവജാലങ്ങളുടെ പ്രധാന ശത്രു. ഗവേഷണം എന്നത് പലപ്പോഴും ഇവയുടെ കണക്കെടുക്കല്‍ മാത്രമാവുകയാണ്.
എത്ര ജീവജാലങ്ങള്‍ ഉണ്ടെന്നതിന് കണക്കില്ല. ശാസ്ത്രീയമായി കണ്ടെത്തി വര്‍ഗീകരിക്കണം. ഇതിനുള്ള ഗവേഷണത്തിന് മുന്‍തൂക്കം നല്‍കണം. തവളയെ പിടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. കാട്ടിലെ ഉറവകളില്‍നിന്നുവരുന്ന വെള്ളം ശുദ്ധീകരിക്കുന്നത് തവളയാണ്. ഗര്‍ഭമുണ്ടോ എന്നറിയാനും പോളണ്ടില്‍ പാല്‍ കേടുവരാതിരിക്കാനും തവളയെ ഉപയോഗപ്പെടുത്തിയിരുന്നു. തവളയെ ഭക്ഷിക്കുന്നത് ഔഷധമാണെന്നതിന് ശാസ്ത്രീയ അടിത്തറയില്ല. മത്സ്യം, ഞണ്ട് എന്നിവയും വംശനാശ ഭീഷണിയിലാണ് - അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























