മുല്ലപ്പെരിയാര്‍ അണക്കെട്ട് ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ ഉയര്‍ന്ന അളവ് അറിയാനാുള്ള സൂചികാ സംവിധാനം തകരാറില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ ഉയര്‍ന്ന അളവ് അറിയുന്നതിനുള്ള സൂചികാ സംവിധാനം തകരാറിലാണെന്ന് ഉപസമിതി . 13 ഷട്ടറുകളാണ് ഉള്ളത്. ഇതിന്റെയെല്ലാം സൂചികകള്‍ തകരാറിലാണെന്ന് കേരളത്തിന്റെ ഉദ്യോഗസ്ഥരാണ് കണ്ടെത്തി തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇക്കാര്യം അംഗീകരിച്ച തമിഴ്‌നാട്, മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. അണക്കെട്ടിന്റെ സംരക്ഷണചുമതലയുള്ള കേരള പൊലീസ് ഉപസമിതിക്ക് നല്‍കിയ കത്തിലെ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നും തമിഴ്‌നാട് ഉറപ്പ് നല്‍കി.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ഇരുമ്പ് കൊണ്ടുള്ള വേലി തീര്‍ക്കുക, സെപ്ടിക് ടാങ്കിന് സംരക്ഷണഭിത്തി നിര്‍മ്മിക്കുക, പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കി.
കേരളം വളരെ നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഷട്ടര്‍ ഓപ്പറേറ്റിംഗ് മാനുവല്‍ ഷെഡ്യൂള്‍ ഇതുവരെയും തമിഴ്‌നാട് നല്‍കിയിട്ടില്ല. പതിവുപോലെ കേരളം ആവശ്യം ഉന്നയിച്ചപ്പോള്‍ ഏപ്രില്‍ മാസത്തില്‍ സമര്‍പ്പിക്കുമെന്ന് മറുപടി നല്‍കി. ഉപസമിതി ചെയര്‍മാന്‍ കെ. രാജേഷ്, കേരളത്തിന്റെ പ്രതിനിധികളായ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേല്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എന്‍.എസ്. പ്രസീദ്, തമിഴ്‌നാടിന്റെ പ്രതിനിധികളായ സാം ഇര്‍വിന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha



























