അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ

അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സർക്കാർ നടപ്പിൽ വരുത്തുകയാണെന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ബഹുനിലകെട്ടിടത്തിൽ നിന്നും താഴെ വീണ സജിയെ ജനങ്ങൾ ആശുപത്രിയിൽ എത്തിക്കാതെ ഏറെ നേരം റോഡിൽ കിടന്നിരുന്നു. ഒടുവിൽ അഭിഭാഷകയായ രഞ്ജിനിയാണ് അയാളെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തത്. രഞ്ജിനിയുടേത് മാതൃകാപരമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'കൊച്ചിയിൽ കെട്ടിടത്തിൽ നിന്നും താഴെവീണയാളെ ആശുപത്രിയിൽ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാർത്ത നടുക്കം ഉളവാക്കുന്നതാണ്. 15 മിനുട്ടോളം ഒരാൾ രക്തം വാർന്ന് തിരക്കേറിയ റോഡരികിൽ ആൾക്കൂട്ടത്തിനു നടുവിൽ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവൻ രക്ഷിക്കന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്.
അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലർക്കും . എന്നാൽ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉണ്ട്. മാത്രവുമല്ല അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സർക്കാർ നടപ്പിൽ വരുത്തുകയാണ്. അപകടങ്ങളിൽ നിഷ്ക്രിയരാകാതെ ഒരു ജീവനാണ് താൻ രക്ഷിക്കുന്നതെന്ന ഉയർന്ന മാനവിക ബോധം പ്രകടിപ്പിക്കാൻ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു'- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha



























