ചാലക്കുടിയിലെ ഇടശേരി ഗോൾഡ് ജുവലറിയിൽ നിന്ന് പതിനാല് കിലോ സ്വർണവും ആറു ലക്ഷം രൂപയും കവർന്നതിനു പിന്നിൽ ജാർഖണ്ഡിലെ കൊള്ളസംഘം

ചാലക്കുടിയിലെ ഇടശേരി ഗോൾഡ് ജുവലറിയിൽ നിന്ന് പതിനാല് കിലോ സ്വർണവും ആറു ലക്ഷം രൂപയും കവർന്നതിനു പിന്നിൽ ജാർഖണ്ഡിലെ കൊള്ള സംഘമാണെന്ന് സംശയത്തിൽ പോലീസ്. അന്വേഷണ സംഘം ജാർഖണ്ഡിലേക്ക് ഉടൻ പുറപ്പെടും.
മോഷണ രീതിവച്ചു നോക്കുമ്പോൾ അന്യസംസ്ഥാന മോഷ്ടാക്കളാണെന്ന് നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെക് പോസ്റ്റുവഴി വന്നുപോയ വാഹനങ്ങൾ തിരിച്ചറിയാൻ കാമറകളും മറ്റു രേഖകളും പരിശോധിച്ചു തുടങ്ങി. ചാലക്കുടി നഗരത്തിലെ സ്ഥാപനങ്ങളിൽ റോഡുദിശയിൽ വച്ചിരിക്കുന്ന കാമറകളും പരിശോധിച്ചു തുടങ്ങി.
ചാലക്കുടിയിലെ അറിയപ്പെടുന്ന ജുവലറിയാണ് ഇടശേരി ഗോൾഡ് സൂപ്പർ മാർക്കറ്റെങ്കിലും ഇവിടെ കാര്യമായ കച്ചവടം നടക്കാറില്ല. ഒരു ദിവസം അഞ്ചു പവൻപോലും വില്പന നടക്കാത്ത സ്ഥാപനത്തിൽ പതിനാലു കിലോ സ്വർണം സൂക്ഷിച്ചിരുന്നത് പൊലീസ് സംശയത്തോടെയാണ് കാണുന്നത്. അതിൽ തന്നെ പതിമൂന്നു കിലോയും പുതിയ സ്വർണമാണ്.
ഒരു കിലോ മാത്രമാണ് പഴയ സ്വർണമെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്രയും സ്വർണം സൂക്ഷിച്ചിരുന്ന കടയിൽ നിരീക്ഷണ കാമറയോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല. അലാറം പോലും ഇല്ല. ചുവരുകൾ പോലും മതിയായ ബലമുള്ളതല്ല. സ്വർണക്കടയിലെ നിലവറയിൽ സൂക്ഷിച്ചിരുന്ന ലോക്കറിലെ ആഭരണങ്ങൾ മൊത്തമായും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി.
കെട്ടിടത്തിന്റെ പിൻഭാഗത്തെ എക്സ്ഹോസ്റ്റ് ഫാൻ ഊരിയെടുത്ത് അവിടം തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തു. പണവും ഇതിനകത്തു തന്നെയാണ് സൂക്ഷിച്ചിരുന്നത്. ലോക്കറിൽ പൗച്ചുകളിലാണ് ആഭരണങ്ങൾ വച്ചിരുന്നത്. പുറത്തെടുത്ത പൗച്ചുകൾ സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കെട്ടിടത്തിന്റെ പിൻഭാഗം കാടുകയറി ജനശ്രദ്ധയില്ലാതെ കിടക്കുന്ന പ്രദേശമാണ്. ചുമർ തുളയ്ക്കുന്നതിന് ഉപയോഗിച്ച പിക്കാസും മുകളിലേക്ക് കയറുന്നതിന് ഉപയോഗിച്ച കമ്പികളും സമീപത്തു കണ്ടെത്തി. കാടുകുറ്റിയിലെ ഇ.ടി. ദേവസിയുടെ മകൻ സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ജുവലറി.
കാവൽക്കാരൻ പരിയാരം സ്വദേശി കൊച്ചപ്പൻ നാട്ടിൽ തിരുനാൾ ആയതിനാൽ ശനിയാഴ്ച രാത്രി അവധിയിലായിരുന്നു. ഞായറാഴ്ച രാത്രി ഇയാൾ ജോലിയിലുണ്ടായിരുന്നെങ്കിലും അകത്തു നടന്ന കളവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് കവർച്ചയെക്കുറിച്ച് അറിയുന്നത്. വിരലടയാള വിദഗ്ദ്ധരും തൃശൂരിലെ പൊലീസ് നായ ഹണിയും പരിശോധനയ്ക്കെത്തി. കടയുടെ മുൻഭാഗത്ത് കുറച്ചുനേരം വട്ടംതിരിഞ്ഞ നായ മെയിൻ റോഡിലൂടെ ഓടി പഴയ മൊയിലൻസ് ആശുപത്രിക്കരികിലെത്തി. വീണ്ടും കെട്ടിടത്തിന്റെ പിൻഭാഗത്ത് രണ്ടിടങ്ങളിൽ നായ മണം പിടിച്ചു നിന്നു.
സൈബർ സെല്ലിലെ നാലു പേർ ഉൾപ്പെടെ പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈ. എസ്.പി. സി. എസ് ഷാഹുൽ ഹമീദിനാണ് അന്വേഷണ ചുമതല. ജാർഖണ്ഡ് കൊള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെങ്കിൽ വിമാനമാർഗം എത്തി കൊള്ള നടത്തി മടങ്ങുന്നതും ഇവരുടെ പതിവാണ്. കൊള്ളയടിക്കാൻ വരുന്ന സംഘം ആ ദൗത്യം നിറവേറ്റി മോഷണ മുതൽ ഇവിടെയുള്ള അവരുടെ കൂട്ടത്തിലുള്ള മറ്റൊരു സംഘത്തിന് കൈമാറും.
അതിനുശേഷം വന്നതുപോലെ കൈയും വീശി വിമാനമാർഗം മടങ്ങും. ഇവിടെ തമ്പടിച്ച സംഘം സാഹചര്യം ഒത്തുവരുമ്പോൾ ഉരുപ്പടികൾ റോഡു മാർഗം കടത്തി വില്പന നടത്തി പണം കൊള്ളസംഘത്തിന് കൊടുക്കും. അതിനുശേഷം പങ്കിട്ടെടുക്കുകയാണ് പതിവ്. അതിനാൽ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി വന്നുപോയവരെയും തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























