നോട്ട്‌നിരോധനത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച എം.ടിയെയും സി.പി.എം സഹയാത്രികന്‍ മമ്മൂട്ടിയെയും പത്മ പട്ടികയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കി

ഇത്തവണത്തെ പത്മപുരസ്‌ക്കാര പട്ടികയിലേക്ക് കേരളം നല്‍കിയ പട്ടികയിലുണ്ടായിരുന്ന എം.ടി വാസുദേവന്‍നായരെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാനം നല്‍കിയ 42 പേരുടെ ലിസ്റ്റില്‍ നിന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ മാത്രമാണ് തെരഞ്ഞെടുത്തത്. പൊതുപ്രവര്‍ത്തകനായ ജോമോന്‍പുത്തന്‍ പുരയ്ക്കല്‍ വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. പത്മശ്രീ ലഭിച്ച മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എം.ടിയെയുമാണ് പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിനാണ് കേരളം ശുപാര്‍ശ ചെയ്തത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യനിലപാട് എടുത്തതാണ് എം.ടി വാസുദേവന്‍ നായരെ ഒഴിവാക്കാന്‍ കാരണമെന്നറിയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക് മണി ഇടപാടിനെയും എം.ടി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് എം.ടിക്കെതിരെ സംഘപരിവാര്‍ വ്യാപക പ്രതിഷേധമാണ് നടത്തിയത്.
സി.പി.എമ്മുമായി അടുത്തബന്ധമുള്ള മമ്മൂട്ടിക്ക് പത്മവിഭൂഷണ്‍ നല്‍കാന്‍ കേന്ദ്രത്തിന് താല്‍പര്യമില്ലായിരുന്നു. ബി.ജെ.പി കേരള ഘടകത്തിന് ഇതില്‍ കടുത്ത അതൃപ്തിയായിരുന്നെന്നും അറിയുന്നു. സി.പി.എം ഭരിക്കുന്ന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ മോഹന്‍ലാലിന് പത്മവിഭൂഷണ്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി കേരളഘടകത്തിനും താല്‍പര്യമില്ലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പി.പരമേശ്വരന് മാത്രമാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. അത് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയല്ലായിരുന്നു. ആര്‍.എസ്. എസ് ചിന്തകനാണ് പരമേശ്വരന്‍. 35 പേരുടെ ലിസ്റ്റാണ് പത്മശ്രീക്കായി സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ കണ്‍വീനറായ കമ്മിറ്റി അയച്ചത്.
ലക്ഷ്മിക്കുട്ടിയമ്മ, ഡോ. എം.ആര്‍ രാജഗോപാല്‍ എന്നിവര്‍ക്ക് പത്മശ്രീലഭിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെയാണ്. വ്യവസായികളും പുത്തന്‍പണക്കാരുമായ ചില പ്രാഞ്ചിയേട്ടന്‍മാര്‍ സ്ഥിരം പത്മ പട്ടികയില്‍ ഇടംനേടുകയും ചിലര്‍ക്കൊക്കെ പുരസ്‌ക്കാരം ലഭിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. അതിന് വിപരീതമായി ലക്ഷ്മികുട്ടിയമ്മക്കും ഡോ.എം. ആര്‍ രാജഗോപാലിനും പത്മശ്രീ കിട്ടിയതില്‍ കേരളസമൂഹം ഏറെ സന്തോഷവാന്‍മാരാണ്. നാട്ടുവൈദ്യ ചികില്‍സാ രീതികളെ കുറിച്ചും ആയൂര്‍വേദ മരുന്നുകളെ കുറിച്ചും ആഴത്തില്‍ അറിയാവുന്ന ചുരുക്കും ചില വ്യക്തികളില്‍ ഒരാളാണ് ലക്ഷ്മിക്കുട്ടി. പാലിയേറ്റീവ് ചികില്‍സാ രംഗത്തെ വിദഗ്ധനാണ് ഡോ. എം.ആര്‍ രാജഗോപാല്‍.
https://www.facebook.com/Malayalivartha



























