മകന്‍ ബിനോയിയുടെ പണമിടപാട് സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഗള്‍ഫിലെ നിയമം അനുസരിച്ച് പരിഹരിക്കണമെന്ന് കോടിയേരി

തന്റെ മകന്‍ ബിനോയി ദുബയില്‍ 13 കോടിയുടെ പണമിടപാട് നടത്തിയ സംഭവത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബിനോയി ദുബയിലുള്ളപ്പോള്‍ അറബി എന്തിനാണ് കേരളത്തില്‍ ചുറ്റി കറങ്ങുന്നതെന്നും കോടിയേരി പരിഹസിച്ചു. അറബി എന്തും പറഞ്ഞോട്ടെ, പണമിടപാട് സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഗള്‍ഫിലെ നിയമം അനുസരിച്ച് പരിഹരിക്കണം. അറബി തന്നെ വന്ന് കണ്ടിട്ടില്ല, ഈ പ്രശ്‌നത്തില്‍ മറ്റാരും തന്നെ ബന്ധപ്പെട്ടിട്ടില്ല. ഒന്നിലും ഇടപെട്ടിട്ടില്ല. വ്യക്തിപരമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അറിയാഞ്ഞിട്ടല്ല, പാര്‍ട്ടി വേദി ഉപയോഗിക്കുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ. ഞങ്ങളുടെ മുന്നില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ കാര്യങ്ങള്‍ പറയാന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഞാനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും ബിനോയിയും ഇതേക്കുറിച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല. ഏതെങ്കിലും മാധ്യമ വാര്‍ത്തയില്‍ തകരുന്ന പാര്‍ട്ടിയല്ല സി.പി.എം. ഒരു രാജ്യത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുബന്ധമല്ല സി.പി.എം. ഗോര്‍ബച്ചേവ് സോവിയേറ്റ് യൂണിയനില്‍ പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്തിയും കൊണ്ടുവന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ചവരാണ് സി.പി.എം. ചൈനയുടെ നിലപാടുകളെയും മുമ്പ് എതിര്‍ത്തിട്ടുമുണ്ട് അനുകൂലിച്ചിട്ടുമുണ്ട്. ഇ.എം.എസിനെ ചൈനീസ് ചാരന്‍ എന്ന് മുദ്രകുത്തിയിട്ടുണ്ട്. അതുകൊണ്ട് സി.പി.എമ്മിനെ രാജ്യദ്രോഹികളാക്കാനുള്ള നീക്കം വിലപ്പോകില്ലെന്നും കോടിയേരി പറഞ്ഞു.
മാവോസേതുങ് ഞങ്ങടെ ചെയര്‍മാന്‍ എന്ന് പറഞ്ഞ് കേരളംമുഴുവന്‍ മുദ്രാവാക്യം വിളിച്ച് നടന്ന കെ. വേണു സി.പി.എം ചൈന അനുകൂല നിലപാട് സ്വീകരിക്കുന്നെന്ന് പറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ചൈന, ക്യൂബ, ലാവോസ്, കൊറിയ എന്നിവിടങ്ങളിലടക്കമുള്ള സാര്‍വദേശീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനുള്ള പ്രമേയം അവതരിപ്പിക്കും. ഉത്തരകൊറിയ അമേരിക്കക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതാണ് താന്‍ ചൂണ്ടിക്കാണിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ടാണ് അവരെ എതിര്‍ക്കുന്നതെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha



























