മുസ്ലിം സമുദായത്തിലെ ചേലാകര്‍മത്തിനെതിരെ സംവിധായകന്‍ അലി അക്ബര്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ ജയല്‍ ഡി.ജി.പി ആര്‍.ശ്രീലേഖ നടത്തിയ പരാമര്‍ശം കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇതോടെ സമൂഹത്തിലെ പല അനാചാരങ്ങള്‍ക്കെതിരെയും വിവിധ ആളുകള്‍ രംഗത്തെത്താന്‍ തുടങ്ങി. മുസ്ലിം സമുദായത്തിലെ ചേലാകര്‍മത്തിനെതിരെ സംവിധായകന്‍ അലി അക്ബര്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ചാമത്തെ വയസില്‍ പറമ്പിൽ നിന്നും ഓടിച്ചിട്ട് പിടിച്ച് ചേലാ കര്‍മം ചെയ്യിപ്പിച്ച കഥയും വികാര നിര്‍ഭരമായി സംവിധായകന്‍ ഇതില്‍ വിവരിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അന്ന് എനിക്ക് 5 വയസ്സ് ,സഹോദരന്മാര്‍ക്ക് 7ഉം 9ഉം .മാര്‍ക്ക കല്യാണം എന്ന് കൂട്ടുകാര്‍ പറഞ്ഞു കുറേ സമ്മാനമൊക്കെ കിട്ടുമെന്നും ,ഉച്ചവരെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു,കിട്ടാന്‍ പോകുന്ന സമ്മാനങ്ങളെ ഓര്‍ത്ത് .പിന്നെ അടുത്ത സുഹൃത്ത് പറഞ്ഞു മാര്‍ക്കകല്യാണം എന്ന് പറഞ്ഞാല്‍ മുട്ട മുറി ആണെന്ന് ...അഥവാ ലിംഗ ഛേദനമാണെന്ന് ആ നിമിഷം മുതല്‍ ഹൃദയമിടിപ്പ് കൂടി,
വെകുന്നേരം കുറേ ആളുകള്‍ വന്നു ...കൂടെ മൊയ്ലിയാരും ഒസ്സാനും ..തലക്കകത്തു പെരുപ്പ് കയറി ...ട്രൗസര്‍ മാറ്റി മുണ്ടുടുപ്പിച്ചു അപ്പോഴേക്കും പിടി വിട്ടു വലിയ വായില്‍ നിലവിളിച്ചുകൊണ്ട് ഞാനോടി ....പറമ്ബിലേക്ക് ,കാപ്പിത്തോട്ടത്തിലേക്ക് ...പുറകെ ഒരുപാട് കാലുകള്‍ ....മരണം അടുത്തെത്തിയ പോല്‍ നിലവിളിച്ചു ഓടി പക്ഷെ കരുത്തന്മാര്‍ എന്നേ പിടികൂടി ...മുറിക്കണ്ട എന്റെത് മുറിക്കണ്ട കഴിയുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ..എന്റെ ഭയവും കരച്ചിലും കണ്ടു ഉമ്മയുടെ മനസ്സലിഞ്ഞു ഓന്‍ ചെറുതല്ലെ പിന്നെയാക്കാം ...'ങ്ങാ ഇനി ഓന് വേണ്ടി വേറൊരു ചിലവുണ്ടാക്കണം മൂന്നും ഒപ്പം നടക്കട്ടെ ....മൂന്ന് .
മുറി ഒന്നിച്ചു നടത്തിയാല്‍ ഉണ്ടാവുന്ന ലാഭമായിരുന്നു മൂത്ത സഹോദരന് ..ഉമ്മ പിന്നെ മിണ്ടിയില്ല .എന്റെ ശരീരത്തില്‍ നിന്നും ഗുണ്ടകള്‍(അങ്ങിനെ വിളിക്കാനാ ഇഷ്ടം ) പിടിവിട്ടില്ല അവര്‍ തൂക്കിഎടുത്തു തട്ടിന്പുറത്തേയ്ക്ക് .സകല ശക്തിയും എടുത്തു കുടഞ്ഞു ,കടിക്കാന്‍ ശ്രമിച്ചു ഫലം കണ്ടില്ല .അഭിമുഖമായിട്ടിരുന്ന രണ്ടു കട്ടിലുകളൊന്നില്‍ എന്നേ പിടിച്ചിരുത്തി .എതിരെയുള്ള കട്ടിലില്‍ സഹോദരന്മാരെയും .ഒസ്സാന്‍ ബാഗ് തുറന്നു കത്തികള്‍ എടുത്തു ,ഒരാള്‍ വെള്ളം കൊണ്ടു വന്നു മറ്റൊരാള്‍ കുറച്ചു പച്ച ഈര്‍ക്കിലികള്‍ ...
എന്റെ ഹൃദയം പെരുമ്ബറ കൊട്ടുന്നത് പോലെ മിടിച്ചു ..കരച്ചില്‍ അതി ശക്തമായപ്പോള്‍ ഒരാള്‍ വാപൊത്തി ,ഒരാള്‍ കണ്ണ് പൊത്തി ,രണ്ടു പേര്‍ തുണി മാറ്റി ഇരു തുടകളും അകത്തി പിടിച്ചു ...എന്റെ കണ്ണ് ശരിക്കും മൂടിയിരുന്നില്ല പൊത്തിയ കൈവിരലുകള്‍ക്കിടയിലൂടെ ഞാന്‍ ആ കാഴ്ച കണ്ടു രണ്ടാം സഹോദരന്‍ ജമാലിന്റ തുണി മാറ്റി ഈര്‍ക്കില്‍ കൊണ്ട് ലിംഗാഗ്രം വലിച്ചു പിടിച്ചു ഒസ്സാന്‍ കത്തിയെടുത്തു,നിലവിളി ഉയര്‍ന്നു നിലവിളിയെ തോല്‍പ്പിക്കുമാറ് കാഴ്ച്ചക്കാര്‍ തക്ബീര്‍ മുഴക്കി 'അള്ളാഹു അക്ബര്‍ 'ഒസ്സാന്‍ കോഴിയെ അറുക്കും പോല്‍ ജമാലിന്റെ തൊലി മുറിച്ചെടുത്തു ചോര പൊടിഞ്ഞു മറിച്ചു തിരിച്ചു എന്തോ പൗഡര്‍ ഇട്ടു കെട്ടുന്നു നിലവിളി വീണ്ടും ഉച്ചസ്ഥായില്‍ ...തക്ബീറും ....
ജാമലിന്റേത് പൊതിഞ്ഞു കെട്ടി ജബ്ബാറിന്റെ അടുക്കല്‍ ഈര്‍ക്കില്‍ പ്രയോഗം,മുറി ,കെട്ട് ,അടഞ്ഞ നിലവിളി ...അതാ ഒസ്സാന്‍ എന്റെ നേര്‍ക്ക് ..ഈര്‍ക്കിലിയില്‍ സ്കിന്‍ വലിഞ്ഞു .. .അള്ളോ ...ഒരു മിന്നല്‍ പിണര്‍ അത് മൂര്‍ദ്ധാവിലേക്കു ..പച്ച മാംസത്തില്‍ ഒസ്സാന്റെ വിരലുകള്‍ ഞെരിഞ്ഞമര്‍ന്നു ....ബോധം അബോധത്തിലേക്കു ....പിന്നെ ഉണര്‍ന്നെണീക്കുമ്ബോള്‍ ഒരു വെള്ളത്തുണിക്കടിയില്‍ ..ലിംഗത്തിന്റെ സ്ഥാനത്ത് തുണി കൂടാരം പോല്‍ മച്ചിലേക്കു കെട്ടിയിരിക്കുന്നു
പുകച്ചിലുമായി ഒന്നുരണ്ടു ദിവസം തള്ളി നീക്കി ഒന്നാശ്വസിച്ചു വന്നപ്പോള്‍ ദേ വീണ്ടും വരുന്നു ഒസ്സാന്‍ മുറിവ് മാറ്റി കെട്ടാനാണത്രെ ..താഴെ കിണ്ണം വച്ചു തിളച്ച വെള്ളമെത്തി ,ലിംഗാഗ്രത്തില്‍ തുണിയും രക്തവും കട്ടപിടിച്ചിരിക്കുന്നു അതിലേക്കു തിളച്ച വെള്ളം ഒഴിച്ചു ...അള്ളോ ...വിളി തീരും മുന്‍പ് ഒസ്സാന്‍ തുണി വലിച്ചു പറിച്ചു പച്ച മാംസത്തില്‍ നിന്നും തുണി പറിഞ്ഞു മാറുമ്ബോഴുള്ള വേദന അത് പത്തു മുറിയുടെ വേദനയാണ് ...മുറിച്ചപ്പോള്‍ ഒരു മിന്നല്‍ പിണറായിരുന്നുവെങ്കില്‍ ഇപ്പോഴത് നൂറു മിന്നല്പിണറായി മാറി ....പിന്നെ പുകച്ചില്‍ പച്ചാമാംസത്തിലേക്ക് പൗഡര്‍ തുണിക്കെട്ട് ...ഇത് പലദിവസം പലതവണ ആവര്‍ത്തിച്ചു പതിയെ മുട്ടമണി ഒരു ചേതനയറ്റ അവയവമായി ഇക്കിളി പോയി സാന്‍ഡ് പേപ്പര്‍ ഇട്ടു പിടിച്ചാല്‍പോലും യാതൊരു ഫീലുമില്ലാത്ത മൂത്രമൊഴിപ്പ് കുഴല്‍ ....50 വര്‍ഷത്തിനിപ്പുറവും ആ വേദന വേട്ടയാടുന്നു .
പിന്നെ ഖുര്‍ആന്‍ മുഴുവന്‍ തപ്പി നോക്കി ഇങ്ങിനെ ഒരു നിര്‍ബന്ധം ഉണ്ടോ ?ഇല്ല എവിടെയും കണ്ടില്ല .ആകെ കൂടി ഇബ്രാഹിം നബി പരിശ്ചേദം ചെയ്തിരുന്നു എന്നൊരു സൂചന മാത്രം .മാര്‍ക്കകല്യാണത്തിനു സുന്നത്ത് കല്യാണം എന്നൊരു പേര് കൂടിയുണ്ട് .അതിനര്‍ത്ഥം ഇത് വെറും സുന്നത്ത് ആണ് ..അഥവാ ചെയ്തില്ല എങ്കില്‍ ഒരു കുറ്റവുമില്ല ചെയ്താല്‍ കൂലിയുണ്ട് ..അത്രേയുള്ളൂ ..പടച്ചവന്‍ ശരീരത്തിന് വേണ്ടാത്ത എന്തെകിലും ഒന്നു മനുഷ്യ ശരീരത്തില്‍ സൃഷ്ടിക്കുമോ ?
കണ്ണിനെ പോളകള്‍ എങ്ങിനെ സംരക്ഷിക്കുമോ അതുപോലെ ലിംഗത്തെ സംരക്ഷിക്കയും ലൂബ്രിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന സ്കിന്‍ മുറിച്ചു കളയുന്നതിലൂടെ ഒരിന്ദ്രിയത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെടുന്നു .ലൈംഗിക പ്രശ്നങ്ങള്‍ ,ലൈംഗിക അരാജകത്വം ,ഇതിനൊക്കെ ഒരു പരിധി വരെ ഇത് കാരണം തന്നെ .ഹോമോസെക്ഷ്ല്‍സ് ഏറെയുള്ളതും പരിശ്ചേതക്കാരിലെന്നു ഒരു സര്‍വേ നടത്തിയാല്‍ പുറത്തു വരും ..മതപരമായത് കൊണ്ട് ഇതെല്ലാം മൂടി വയ്ക്കപ്പെടുന്നു .
ഇപ്പോഴും മനസ്സിലാവുന്നില്ല നിര്‍ബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടി ...ഇത് തികച്ചും പ്രാകൃതമാണെന്നു ആര്‍.ശ്രീലേഖയ്ക്കു പറയാമോ ?ബാലാവകാശ കമ്മീഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യാമോ ...കോടതിയില്‍ സാക്ഷിയായി ഞാന്‍ വരാം ...ധൈര്യമുണ്ടോ ?
https://www.facebook.com/Malayalivartha

























