മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങുന്നതാണ്. പ്ലാറ്റ്‌ഫോമിലെ മഞ്ഞവര കടക്കാൻ പാടില്ലെന്നാണ് നിയമമുള്ളത്. ട്രെയിനിൽ കയറാനോ ഇറങ്ങാനോ വേണ്ടി മാത്രമേ മഞ്ഞവര കടക്കാൻ പാടുള്ളൂ. അല്ലാതെ കടന്നാൽ വിസിലൂതി സെക്യൂരിറ്റി ഗാർഡ് അടുത്തേക്ക് വരും. പരമ്പരാഗത രീതി പരിഷ്‌കരിക്കാനായി കെഎംആർഎൽ സ്വന്തമായി സംവിധാനം വികസിപ്പിച്ചെടുക്കുകയും ചെയ്തു. പേര് പ്ലാറ്റ്‌ഫോം യെല്ലോ ലൈൻ ക്രോസിങ് ഡിറ്റക്ഷൻ ആന്റ് വാണിങ് സിസ്റ്റം. പേരു പോലെ അത്ര നീളമുള്ളതല്ല ടെക്‌നോളജി.
പ്ലാറ്റ്‌ഫോമിന്റെ രണ്ട് അറ്റങ്ങളിലും ഇൻഫ്രാറെഡ് കിരണങ്ങളുടെ രണ്ടു ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മഞ്ഞ വരയ്ക്ക് സമാന്തരമായി ഇൻഫ്രാറെഡ് രശ്മികളുണ്ട്. ഇത് തടസ്സപ്പെട്ടാൽ ഉടൻ സൈറൺ മുഴങ്ങും. ലൈൻ ക്രോസ് ചെയ്യുമ്പോഴാണ് ഇൻഫ്രാറെഡ് രശ്മികൾ തടസ്സപ്പെടുന്നത്.
ഏറ്റവും തിരക്കുള്ള ഇടപ്പള്ളി സ്റ്റേഷനിൽ ഇത് സ്ഥാപിച്ചിട്ട് രണ്ടു വർഷമായി. അവിടെ വിജയമെന്ന് കണ്ടതിനാലാണ് കലൂർ സ്റ്റേഡിയം സ്റ്റേഷനിലും ഇപ്പോൾ നടപ്പാക്കിയത്. 10 സ്റ്റേഷനുകളിൽ കൂടി നടപ്പാക്കാനായി ആലോചനയുണ്ട്. പുതിയ സംവിധാനം നടപ്പാക്കിയാലും സെക്യൂരിറ്റി ഗാർഡുകളുടെ നിരീക്ഷണം തുടരുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























