തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെ നാടിനെ നടുക്കി വൻ സ്ഫോടനം. മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നാൽപ്പതോളം പേരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് വൈകുന്നേരത്തോടെയാണ് മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി പടക്കങ്ങൾ നിർമ്മിക്കുന്ന പുരയിൽ പൊട്ടിത്തെറിയുണ്ടായത്. കിലോമീറ്ററുകൾക്കപ്പുറം വരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പൂരത്തിനായുള്ള സാമ്പിൾ വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നിലവിൽ പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പുക നിറഞ്ഞ അന്തരീക്ഷവും പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളും അഗ്നിശമന സേനയ്ക്കും പൊലീസിനും വെല്ലുവിളിയുയർത്തുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ആശുപത്രികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സ്ഥലത്ത് കൂടുതൽ ആംബുലൻസുകളും സന്നദ്ധ പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ വ്യാപ്തി ഇനിയും വർധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.
https://www.facebook.com/Malayalivartha






















