ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരോട് വിശദീകരണം തേടി സർക്കാർ

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. പാട്രിക് പോൾ, ഡോ. ശ്രീകാന്ത് വലസപ്പള്ളി എന്നിവരോടാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരണം തേടിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്നായിരുന്നു തമിഴ്നാട് സ്വദേശി മരിച്ചത്.
മുരുകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരുന്നത് എന്തുകൊണ്ട്, ചികിത്സ തേടിയ വിവരം രേഖകളിൽ ഉൾപ്പെടുത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് ഡോക്ടർമാർ വിശദീകരിക്കേണ്ടത്. ഡോക്ടർമാർ വിചാരിച്ചിരുന്നെങ്കിൽ മുരുകനെ രക്ഷിക്കാമായിരുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മുരുകന്റെ കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗുരുതരമായ അലംഭാവമാണ് കാട്ടിയത്.
ഒരു വി.വി.ഐപി വെന്റിലേറ്ററും 16 സ്റ്റാൻഡ് ബൈ വെന്റിലേറ്ററും ഒഴിവുണ്ടായിരുന്നിട്ടും മുരുകനെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. മുരുകന്റെ തലയ്ക്കേറ്റ മാരകമായ പരിക്ക് മരണ കാരണമാകുമെന്ന് അറിഞ്ഞിട്ടും ചികിത്സ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 16നാണ് അപകടത്തിൽ മുരുകൻ മരിച്ചത്. മുരുകനെ ആദ്യം പൊലീസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ തിരികെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























