ചെങ്ങന്നൂരിലെ ജനസമ്മതനായ നേതാവ്; അടുത്തറിയാം ചെങ്ങന്നൂരിന്റെ പുതിയ എം എൽ എ യെ

ചെങ്ങന്നൂർ എം എൽ എ കെ.കെ രാമചന്ദ്രൻ നായരുടെ ആകസ്മിക മരണത്തിനു ശേഷം ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ കെ.കെ രാമചന്ദ്രന്റെ പിൻഗാമിയായി കരുത്തനായ സ്ഥാനാർത്ഥി വേണമായിരുന്നു എൽ ഡി എഫ് ന്. ഈ അന്വേഷണമാണ് സജി ചെറിയാനിലെത്തിയത്. വിപ്ലവ വീര്യമുള്ള നാടായ ആലപ്പുഴയിലെ പാർട്ടി അധ്യക്ഷൻ സജി ചെറിയാൻ ചെങ്ങന്നൂരിൽ വിജയക്കൊടി നാട്ടിയിരിക്കുകയാണ്.
2015 മുതൽ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരുന്നയാളാണ് സജി ചെറിയാൻ. ചെങ്ങന്നൂരിൽ 2006 ൽ സജി ചെറിയാൻ ജനവിധി തേടിയിരുന്നു. അന്ന് കോൺഗ്രസിലെ പി.സി വിഷ്ണുനാഥിനോട് അയ്യായിരത്തിലധികം വോട്ടിന്റെ ' പരാജയമേറ്റുവാങ്ങി.സജി ചെറിയാന്റെ വിജയത്തോടെ കോട്ടയത്തെ ദുരഭിമാനക്കൊല ചെങ്ങന്നൂരിൽ സർക്കാരിന് തിരിച്ചടിയായില്ലെന്ന് വ്യക്തം. ജില്ലാ സെക്രട്ടറിയെന്ന നിലക്ക് താഴെ തട്ടിലെ പ്രവർത്തകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഗുണകരമായി.
20956 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സജി ചെറിയാൻ വിജയിക്കുമ്പോൾ അത് ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായി മാറുകയാണ്. ചെങ്ങന്നൂരിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്ന യു ഡി എഫ് നേതാവ് മാമൻ മത്തായിയുടെ 15000 എന്ന കണക്കിനെ മറി കടന്നുകൊണ്ടാണ് സജി ചെറിയാന്റെ വിജയം. ഇത് മണ്ഡലത്തിൽ സജി ചെറിയാൻ എന്ന നേതാവിന്റെ ജനസമ്മതിയുടെ വിജയം കൂടിയാകുന്നു
https://www.facebook.com/Malayalivartha





















