സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് സുരക്ഷാസംവിധാനം ഒരുക്കാനൊരുങ്ങി വാഹനവകുപ്പ്...

സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) സുരക്ഷാ സംവിധാനം ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. സ്വകാര്യ ബസുകളിലും സ്‌കൂള്‍ വാഹനങ്ങളിലും പെട്രോളിയം ടാങ്കര്‍ ലോറികളിലുമാണ് ഈ സംവിധാനം ഘടിപ്പിക്കുക. ഇതിന്റെ ആദ്യപടിയായി ആഗസ്റ്റ് 31നു മുമ്പ് സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം നിലവില്‍ വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ .
അടുത്ത മാര്‍ച്ചിനു മുമ്പ് കേരളത്തിലെ പതിനയ്യായിരത്തോളം സ്വകാര്യബസുകളിലും ടാങ്കര്‍ വാഹനങ്ങളിലും ജി.പി.എസ് സംവിധാനങ്ങള്‍ ഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സിഡാക്) ആണ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്. ജി.പി.എസ് സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളും സോഫ്ട്‌വെയറും സി ഡാക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 6.42 കോടി രൂപയ്ക്കാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇതിനുള്ള കരാര്‍ സിഡാക്കിന് നല്‍കിയത്.
ജി.പി.എസ് സുരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരുന്നതിന് സംസ്ഥാനത്തെ 3 ലക്ഷം കിലോമീറ്റര്‍ റോഡിന്റെ ഡേറ്റയും തയ്യാറാക്കി, പ്രത്യേക നെറ്റ്‌വര്‍ക്കിനു കീഴിലാക്കി കഴിഞ്ഞു.
മാപ് മൈ ഇന്ത്യയ്ക്കാണ് റോഡ് മാപ് ഡേറ്റ തയ്യാറാക്കുന്നതിനുള്ള ഉപകരാര്‍ സിഡാക് നല്‍കിയത്. വാഹനങ്ങളില്‍ ജി.പി.എസ് സിസ്റ്റം ഘടിപ്പിക്കുന്നതിന് താമസിയാതെ സിഡാക് ഏജന്‍സികളെ ക്ഷണിക്കും. ടെന്‍ഡര്‍ എടുക്കുന്ന ഏജന്‍സികളായിരിക്കും സിഡാക്കിന്റെ നിബന്ധനകള്‍ക്കനുസൃതമായി ഗാഡ്ജറ്റുകള്‍ ഘടിപ്പിക്കുന്നതിനുള്ള ചെലവ് തീരുമാനിക്കുക. 12 ഓളം നിര്‍മ്മാണ കമ്പനികളുടെ ലിസ്റ്റ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ജി.പി.എസ് ഘടിപ്പിക്കുന്നതിനാവശ്യമായ ചെലവ് വാഹന ഉടമകള്‍ വഹിക്കണം.
വഴുതക്കാട്ടുള്ള ട്രാന്‍സ്‌പോര്‍ട്ട് ടവറായിരിക്കും മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം. സംസ്ഥാനത്തെ 17 റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും 14 ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാകും.
ജി.പി.എസ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്റെ മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് 47.5 ലക്ഷം രൂപ മുടക്കി പുതിയ സോഫ്ട്‌വെയറും ഇന്‍സ്റ്റാള്‍ ചെയ്തു.
വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനൊപ്പം വേഗതയും ദിശയും കൃത്യമായി അറിയാന്‍ കഴിയും. അമിത വേഗത മൂലമുള്ള അപകടങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും. സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സമയക്രമം പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താം.
വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ആദ്യം മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലും അവിടെ നിന്ന് റീജിയണല്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്കും വിവരം കൈമാറും.
കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ആശുപത്രികളിലേക്കും പൊലീസ് സ്‌റ്റേഷനുകളിലേക്കും സന്ദേശം പോകും.
https://www.facebook.com/Malayalivartha





















