വീട്ടുകാര്‍ അറിയാതെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായ നവദമ്പതികളെ പിന്തുടര്‍ന്നെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

രജിസ്റ്റര്‍ വിവാഹിതരായ മലയിന്‍കീഴ് സ്വദേശികളായ നവദമ്പതികളെ പിന്തുടര്‍ന്നെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ആയുധങ്ങളുമായി മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലം പേരേക്കോണം തോലുപ്പുറം റോഡരികത്ത് വീട്ടില്‍ വി. വിജിത് (23), പേരേക്കോണം മയിലാടും മേലെ പുത്തന്‍വീട്ടില്‍ എന്‍. രാഹുല്‍ (24), കീഴാറൂര്‍ കുറ്റിയാനിക്കാട് മണ്ണുക്കാല പുത്തന്‍വീട്ടില്‍ എസ്. സതീഷ് (26) എന്നിവരെയാണ് മലയിന്‍കീഴ് എസ്.ഐ: കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവമുണ്ടായത്.
യുവതിയുടെയും യുവാവിന്റെയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരോടു സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രേഖകള്‍ സഹിതമെത്തിയ ദമ്പതികളെ വരന്റെ വീട്ടിലേക്കു പോകാന്‍ പോലീസ് അനുമതി നല്‍കി.
ഇതിനിടെ, ബന്ധുക്കള്‍ ബി.എസ്.എന്‍.എല്‍. ഓഫീസിനടുത്ത് സംഘടിച്ച് വാക്കേറ്റവും കൈയാങ്കളിയും നടത്തുന്നതായി സ്‌റ്റേഷനില്‍ വിവരം ലഭിച്ചു. ഇരുകൂട്ടരെയും വിരട്ടിയോടിച്ച പോലീസ്, സംശയാസ്പദമായി കണ്ടവരെ പിടികൂടി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വെട്ടുകത്തി, കഠാര, കമ്പിപ്പാര എന്നിവ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.
വരനു സുരക്ഷയൊരുക്കാന്‍ വന്നതാണെന്ന് ഇവര്‍ മൊഴി നല്‍കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















