1991 മുതല്‍ 2016 വരെ കോണ്‍ഗ്രസ് തട്ടകമായിരുന്ന ചെങ്ങന്നൂര്‍ ഇന്ന് ചെങ്കടലായി, ഉത്തരവാദികള്‍ ആരൊക്കെ? ഗ്രൂപ്പ് പോരില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ബലികൊടുത്തത് ആരൊക്കെ?

യു.ഡി.എഫിന്റെ തട്ടകമായിരുന്ന ചെങ്ങന്നൂരില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് കോണ്‍ഗ്രസിനെയും മുന്നണിയേയും വീഴ്ത്തിയത് മുതിര്‍ന്ന നേതാക്കന്‍മാരുടെ ഐക്യമില്ലായ്മയും താഴേതട്ടിലുള്ള പ്രവര്‍ത്തകരുടെ ഏകോപനമില്ലായ്മയും. പരമ്പാരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ പോലും തന്റെ പെട്ടിയില്‍ വീണില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറും വ്യക്തമാക്കി. വോട്ടെടുപ്പ് നടന്ന പല ബൂത്തുകളിലും യു.ഡി.എഫിന് ഏജന്റ് പോലും ഇല്ലായിരുന്നെന്ന് അദ്ദേഹം പരിതപിക്കുമ്പോള്‍ പരാജയം മുന്‍കൂട്ടി മനസിലാക്കിയിരുന്നെന്ന് വ്യക്തം. കൊല്ലങ്ങളായി യു.ഡി.എഫിന്റെ തട്ടകമായിരുന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയത് പലരെയും ഞെട്ടിപ്പിച്ചു.
അയ്യപ്പസേവാ സംഘം നേതാവായ ഡി.വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് പോകാതിരിക്കാനായിരുന്നു. ഉമ്മന്‍ചാണ്ടിയാണ് ഈ തന്ത്രം മെനഞ്ഞത്. ഇതിനൊപ്പം ക്രൈസ്തവ വോട്ടുകള്‍ നിലനിര്‍ത്തുന്നതിനും സഭാമേലധ്യക്ഷന്‍മാരുമായി അനുരഞ്ജനത്തിലെത്തുന്നതിനും ഉമ്മന്‍ചാണ്ടി തയ്യാറായില്ല. ചെങ്ങന്നൂര്‍ മണ്ഡലം ചെന്നിത്തലയുടെ കൂടി തട്ടകമായിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. നായര്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ് മണ്ഡലത്തില്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ചെന്നിത്തലയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇതുവരെ പരിഹരിച്ചിട്ടില്ല. സമുദായത്തിന്റെ ലേബലില്‍ മന്ത്രിയായ ശേഷം ചെന്നിത്തല പാലം വലിച്ചെന്ന് സുകുമാരന്‍ നായര്‍ പരസ്യമായി ആരോപിച്ചതാണ്. അതിന് ശേഷം ചെന്നിത്തല പെരുന്നയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ചെങ്ങന്നൂരില്‍ വന്ന് ആര്‍.എസ്.എസ് വോട്ടുകള്‍ വേണമെന്ന് പറഞ്ഞത് കോടിയേരി ആയുധമാക്കി. അതിനെ പ്രതിരോധിക്കാന്‍ മറ്റ് യു.ഡി.എഫ് നേതാക്കളാരും മുന്നോട്ട് വന്നില്ല. ആര്‍.എസ്.എസ് വോട്ടുകള്‍ വേണ്ടെന്ന് കോടിയേരി വ്യക്തമാക്കുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന് ആര്‍.എസ്.എസ് ബന്ധം ഉണ്ടെന്ന് ആരോപിക്കുകയും ചെയ്തു. അയ്യപ്പസേവാ സംഘം നേതാവായത് കൊണ്ടാണ് ഇത്തരമൊരു ആക്ഷേപം കോടിയേരി ഉന്നയിച്ചത്. അതിനെ ശക്തമായി പ്രതിരോധിക്കാനും യു.ഡി.എഫിനായില്ല. ഗ്രൂപ്പിന്റെ അതിപ്രസരം അവസാനിപ്പിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍ പറയുന്നു. അത് മനസിലാക്കാന്‍ നേതൃത്വം തയ്യാറാകുന്നില്ല. 1991 മുതല്‍ 2006 വരെ ശോഭനാ ജോര്‍ജും പിന്നീട് പത്ത് കൊല്ലം പി.സി വിഷ്ണുനാഥും വിജയിച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍.
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ ശോഭനാ ജോര്‍ജ്ജിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയത്. അത് തിരുത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഇത് ശോഭനാ ജോര്‍ജ്ജുമായി വര്‍ഷങ്ങളായി ബന്ധമുള്ള ക്രൈസ്തവ വിശ്വാസികളെ അടക്കം ചൊടിപ്പിച്ചു. ശോഭനാ ജോര്‍ജ്ജ് എല്‍.ഡി.എഫിനൊപ്പമാണ് ഇത്തവണ പ്രവര്‍ത്തിച്ചതെങ്കിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ശോഭനാ ജോര്‍ജ്ജിന് ചെങ്ങന്നൂരില്‍ ബന്ധമുണ്ട്. അത് അവര്‍ എല്‍.ഡി.എഫിന് വേണ്ടി ഉപയോഗിച്ചു.
പ്രതിപക്ഷനേതാവ് കൂടിയായ ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ ബൂത്തിലും പഞ്ചായത്തിലും കോണ്‍ഗ്രസിന് മേല്‍ക്കൈ നോടിക്കൊടുക്കാനായില്ല. ഡി. വിജയകുമാര്‍ അദ്ദേഹത്തിന്റെ പഞ്ചായത്തായ പുലിയൂരില്‍ ഉള്‍പ്പെടെ ഭൂരിപക്ഷം നേടാനായില്ല. ചെങ്ങന്നൂര്‍ നഗരസഭയിലും തിരിച്ചടി കിട്ടി. ജാതി, മത, സഭാ നേതാക്കള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത് അവസാനിപ്പിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി പ്രവര്‍ത്തകരും നേതാക്കളും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha




















