എല്ലാ നവജാതശിശുക്കള്‍ക്കും സിസിഎച്ച്ഡി പരിശോധന നടത്താനുളള പദ്ധതിക്കു തുടക്കമായി

കേരളത്തിലെ എല്ലാ നവജാത ശിശുക്കള്‍ക്കും ക്രിട്ടിക്കല്‍ കന്‍ജന്റല്‍ ഹാര്‍ട്ട് ഡിസീസ് (സിസിഎച്ച്ഡി) പരിശോധന നടത്താനുള്ള പദ്ധതിക്കു തുടക്കമായി. ആരോഗ്യസംരക്ഷണ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ ഈ പദ്ധതിക്ക് മന്ത്രി കെ കെ ശൈലജ, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തുടക്കം കുറിച്ചത്.
ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സിസിഎച്ച്ഡി പരിശോധനയ്ക്കു വിധേയരാക്കും. ഇതിലൂടെ കുട്ടികളിലെ ഹൃദ്‌രോഗം കണ്ടെത്താനും ശിശുമരണനിരക്കിനുള്ള സാധ്യത കുറയ്ക്കാനും കഴിയും. സിസിഎച്ച്ഡി സ്‌ക്രീനിങ്ങിനെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍ സ്വീഡനില്‍നിന്ന് ഇന്ത്യയിലെത്തിയ സ്‌പെഷലൈസ്ഡ് ബയോമെഡിക്കല്‍ ശാസ്ത്രജ്ഞ ഡോ. ആനി ഗ്രാനെലി, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ആരോഗ്യനിരീക്ഷണ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള മുന്‍നിരക്കാരായ മാസിമോ ആണ് ഈ നീക്കത്തിനു സാങ്കേതികപിന്തുണ നല്‍കുന്നത്.
ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണ്ടെത്തലുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും രാജ്യത്ത് ഹൃദ്‌രോഗത്തോടെ ജനിക്കുന്നത്. കൃത്യസമയത്തുള്ള പരിശോധനകളിലൂടെ ഇതു കണ്ടെത്താനാവുന്നതാണ്. നിലവില്‍ ദേഹ പരിശോധന, ഗര്‍ഭസ്ഥശിശുവിന്റെ സ്‌കാനിങ് എന്നിവയിലൂടെയോ ഇവ രണ്ടും പ്രയോജനപ്പെടുത്തിയോ ആണ് ഇതു കണ്ടെത്തുന്നത്. 72 ശതമാനത്തോളം കേസുകള്‍ ഇങ്ങനെ കണ്ടെത്താനാകും.
പരിശോധനയ്ക്കുള്ള കൂടുതല്‍ സംവിധാനങ്ങളും രീതികളും ഏര്‍പ്പെടുത്തിയാല്‍ ഇതു കണ്ടെത്തുന്നതിന്റെ നിരക്ക് 92 ശതമാനംവരെ ഉയര്‍ത്താനാകും എന്ന് വിവിധ ക്ലിനിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഓരോ വര്‍ഷവും ഏതാണ്ട് 52,000 കുട്ടികളെ രക്ഷിക്കാന്‍ ഇതിലൂടെ കഴിയും.
https://www.facebook.com/Malayalivartha




















