‘താന്‍ ആര്‍ എസ് എസ് കാരനാണെന്ന പ്രചാരണത്തെ പ്രതിരോധിച്ചില്ല’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി. വിജയകുമാര്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ചെറുക്കാനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി. വിജയകുമാര്‍. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയാന്‍ മടിച്ചുവെന്ന് മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ അദേഹം പറഞ്ഞു. യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിച്ച നേതാക്കള്‍ക്കാണ്. അടിയൊഴുക്കുകള്‍ അവര്‍ നേരത്തേ തിരിച്ചറിഞ്ഞു നടപടിയെടുത്തില്ല. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ നേതൃത്വത്തിനും അണികള്‍ക്കും വ്യക്തമായിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
തോല്‍വിയെക്കുറിച്ച് കെ.പി.സി.സി അന്വേഷണം നടത്തണമെന്ന് ഡി.വിജയകുമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളിലുണ്ടായ ചോര്‍ച്ചയാണ് പരാജയകാരണം. വോട്ടുചോര്‍ച്ചയെക്കുറിച്ച് മനസിലാക്കാന്‍ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഡി.വിജയകുമാര്‍ പറഞ്ഞു. മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷത്തിനാണു ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സജി 67303 വോട്ടുകള്‍ നേടിയപ്പോള്‍ വിജയകുമാറിന് 46347 വോട്ട് മാത്രമാണു ലഭിച്ചത്.
https://www.facebook.com/Malayalivartha





















