നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മറ്റെന്നാള്‍ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി . നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. നിപ സംശയിക്കുന്നവരുടെ 193 പരിശോധനഫലങ്ങള്‍ പുറത്ത് വന്നു. ഇതില്‍ 18 പേര്‍ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് അസുഖം മാറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇവര്‍ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ്. ആകെ 2000 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷിണത്തിലുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപയുടെ രണ്ടാംഘട്ടം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധയുടെ ഒന്നാം ഘട്ടം ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചു. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുറച്ച് ദിവസത്തേക്ക് കൂടി തുടരും. ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് സര്‍ക്കാറിന്റെ നടപടികള്‍. 10 ദിവസത്തിനുള്ളില്‍ നിപ പൂര്‍ണമായും നിയന്ത്രണവിധേയമാവുമെന്നാണ് കരുതുന്നത്.
അതേ സമയം, രോഗബാധിതര്‍ ചികല്‍സ തേടിയ ആശുപത്രികളും നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് നിപ സ്ഥിരീകരിച്ചവര്‍ക്ക് മാത്രമേ നല്‍കു. ഐ.സി.എം.ആര്‍ വിദഗ്ധര്‍ തിങ്കളാഴ്ചയെത്തി പരിശോധന നടത്തിയതിന് ശേഷമേ മരുന്നിന്റെ വിതരണം നടത്തുകയുള്ളു.
നിലവില്‍ രോഗബാധിതരില്ല. നിപ സംശയിക്കുന്ന നാല് പേരുടെ സ്രവപരിശോധനഫലം ലഭിക്കാനുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















