ചെന്നിത്തല തെറിക്കും... പകരം കെ.മുരളീധരൻ; കേരളത്തിലെ സേവനം മതിയാക്കി ഉമ്മൻ ചാണ്ടിയോട് ഡൽഹിയിലെത്താൻ ഹൈക്കമാന്റ്

ചെന്നിത്തല തെറിക്കും. പകരം കെ.മുരളീധരൻ പ്രതിപക്ഷ നേതാവാകും. ഒപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയും യു ഡി എഫ് കൺവീനറായി കെ.സുധാകരനും വരുമെന്ന് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയോട് കേരളത്തിലെ സേവനം മതിയാക്കി ഡൽഹിയിലെത്താനും ഹൈക്കമാന്റ് നിർദ്ദേശിക്കുമെന്ന് സൂചന.
രാഹുൽ ഗാന്ധി കേരള നേതാക്കളെ വൈകാതെ ഡൽഹിക്ക് വിളിപ്പിക്കും. നേതൃത്വം പൂർണമായും അഴിച്ചുപണിയണമെന്ന അഭിപ്രായമാണ് ഹൈക്കമാന്റിനുള്ളത്.
വി എം സുധീരനും ഹൈക്കമാന്റും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തി കഴിഞ്ഞു. സുധീരന്റെ ആവശ്യം കേരള നേതൃത്വത്തിലുള്ള സമൂലമാറ്റമാണ്. സുധീരനൊപ്പം കേരളത്തിലെ നേതാക്കളിൽ പലരും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. സുധീരന്റെ നീക്കങ്ങൾ സംസ്ഥാന നേതൃത്വം നന്നായി മനസിലാക്കുന്നുണ്ടെങ്കിലും അവർക്ക് സുധീരനെ പ്രതിരോധിക്കാൻ കഴിയുന്നില്ല. സുധീരനെ രാജ്യസഭയിലെത്തിക്കാൻ രാഹുൽ തീരുമാനിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ തെരഞ്ഞടുപ്പിനു മുമ്പ് തന്നെ ചെന്നിത്തലയുടെ നാളുകൾ എണ്ണപ്പെട്ടിരുന്നു. ചെങ്ങന്നൂരിൽ യു ഡി എഫ് തോൽക്കുകയാണെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തനിക്ക് മാറി കൊടുക്കേണ്ടി വരുമെന്ന് ചെന്നിത്തലക്ക് അറിയാമായിരുന്നു. അതു കൊണ്ടു കൂടിയാണ് മാവേലിക്കര മുൻ എംഎൽഎ, എം മുരളിയുടെ പേര് രമേശ് ചെങ്ങന്നൂരിലേക്ക് നിർദ്ദേശിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടി അത് വെട്ടി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കി. വിജയകുമാർ ഒരിക്കലും ഒരു നല്ല സ്ഥാനാർത്ഥിയല്ലെന്ന് ചെന്നിത്തല പലവട്ടം പറഞ്ഞതാണ്. അയ്യപ്പസേവാസംഘത്തിന്റെ നേതാവിനെ മത്സരിപ്പിച്ചാൽ അത് സജി ചെറിയാന്റെ വൻ വിജയത്തിന് കാരണമാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്വം ചെന്നിത്തല ഏറ്റെടുത്തെങ്കിലും എല്ലാവർക്കും അതിൽ പങ്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘടനാ ദൗർബല്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും രാഹുൽ ഗാന്ധിയോട് അദ്ദേഹത്തിന് തന്റെ നിലപാട് വിശദീകരിക്കേണ്ടി വരും. ചെന്നിത്തല കളിച്ചു എന്ന അഭിപ്രായം വിജയകുമാറിനുണ്ട്.
തന്നെ പാലം വലിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു എന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി പറഞ്ഞത്. സി പി എം ഇറക്കിയ കോടികൾക്ക് മുന്നിൽ താൻ നിഷ്പ്രഭനായെന്നും വിജയകുമാർ പറയുന്നു. തനിക്ക് നേരേ ചൊവ്വേ മത്സരിക്കാൻ പണം പോലും നൽകിയില്ല. ഭരണമില്ലാത്തതിനാൽ പിരിക്കാൻ പോലും സാധിച്ചില്ല. ഇപ്രകാരം താൻ എന്തിന് പാർട്ടിയിൽ തുടരണമെന്നും വിജയകുമാർ ചോദിക്കുന്നു.
പുതിയ പുന:സംഘടനയും ക്രൈസ്തവർക്ക് അപ്രീതികരമായിരിക്കും. കാരണം നേതൃത്വത്തിലെത്താൻ കോൺഗ്രസിൽ ഒരു ക്രിസ്ത്യാനിയില്ല. പി ടി തോമസ് ഉണ്ടെങ്കിലും അദ്ദേഹത്തെ ആർക്കും താത്പര്യമില്ല. എന്നാൽ പകരമെത്തുന്ന നേത്യത്വം കോൺഗ്രസിനോട് പ്രതിബദ്ധത പുലർത്തുന്നവരായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പാർട്ടിയോട് കൂറുള്ളവർ ഏറെ നാളത്തെ ഇടവേളക്ക് ശേഷം നേത്യത്വത്തിലെത്തുക.
https://www.facebook.com/Malayalivartha





















