മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പ് വീട്ടില്‍ വന്നപ്പോള്‍ പതിവില്‍ കൂടുതല്‍ ഭക്ഷണം അമ്മ മേരിയില്‍ നിന്ന് വാങ്ങി കഴിച്ചാണ് കെവിന്‍ മടങ്ങിയത്, അന്ന് രാത്രി വീട്ടില്‍ തങ്ങാന്‍ പറഞ്ഞിട്ടും കേട്ടില്ലെന്നും മേരി

മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് വരെ കെവിനെ കുറിച്ച് അമ്മ മേരിക്ക് വിവരങ്ങളൊന്നുമില്ലായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് കെവിനെ മേരി ഫോണില്‍ വിളിച്ച് വഴക്ക് പറഞ്ഞു. ഇതുവരെ വിളിക്കാഞ്ഞതിനെ ചൊല്ലി മേരി പിണങ്ങി ഫോണ്‍ കട്ടാക്കി. പിന്നീട് കെവിന്‍ തിരികെ വിളിച്ചിട്ട് കാര്യം പറഞ്ഞു: അമ്മേ ജോലി എന്തെങ്കിലും വേണ്ടേ? ഒന്നും ശരിയാകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മേരി തണുത്തു. ബന്ധുവിന്റെ വിവാഹത്തിന് വരില്ലേ എന്ന് ചോദിച്ചപ്പോള്‍ അമ്മയും ചേച്ചിയും പോയിട്ട് വന്നാല്‍ മതിയെന്നും. അമ്മ ആഹാരം കഴിച്ച് സുഖമായി ഉറങ്ങൂ എന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. പിന്നീട് മേരിക്കിതു വരെ നല്ല രീതിയില്‍ ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിട്ടില്ല.
വാവച്ചന്‍ എന്നാണ് മേരി കെവിനെ വിളിച്ചിരുന്നത്. വാവച്ചന്‍ അവസാനം വീട്ടില്‍ വന്നിട്ട് ഒരുനോക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് അച്ഛന്‍ ജോസഫിന്റെ വിഷമം. വര്‍ക്ക്ഷാപ്പില്‍ നിന്ന് രാ്ത്രി ജോസഫ് വീട്ടിലെത്തിയപ്പോഴേക്കും മാന്നാനത്തെ ബന്ധുവായ അനീഷിന്റെ വീട്ടിലേക്ക് കെവിന്‍ പോയിരുന്നു. സഹോദരി കൃപയോട് കെവിന്‍ എല്ലാ കാര്യങ്ങളും പങ്കുവച്ചിരുന്നു. നീനുവുമായുള്ള പ്രണയം വരെ. നാട്ടിലോ വീട്ടിലോ എന്ത് കാര്യമുണ്ടെങ്കിലും കെവിന്‍ ഓടിയെത്തും. മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ ചെറിയ പനി വന്നാല്‍ ഒരു പോള കണ്ണടയ്ക്കാതെ വാവച്ചന്‍ കാവലിരിക്കും. ഒരു ഉറുമ്പിനെ പോലും നുള്ളി നോവിക്കാത്ത എന്റെ കുഞ്ഞിനെ അവര്‍ കൊന്ന് കളഞ്ഞില്ലേ എന്ന് മേരി വിതുമ്പുന്നു.
മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പ് വീ്ട്ടില്‍ വന്നപ്പോള്‍ പതിവില്‍ കൂടുതല്‍ ഭക്ഷണം മേരിയില്‍ നിന്ന് വാങ്ങി കഴിച്ചാണ് കെവിന്‍ മടങ്ങിയത്. ബന്ധു അനീഷിന്റെ മാന്നാനത്തെ വീട്ടിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഇന്നിവിടെ കിടക്കാന്‍ മേരി നിര്‍ബന്ധിച്ചു. അല്ലെങ്കില്‍ അച്ഛന്‍ വന്നിട്ട് പോകാന്‍ പറഞ്ഞു. അനീഷ് ഒറ്റയ്ക്കാണെന്ന് പറഞ്ഞ് പെട്ടെന്ന് പോവുകയായിരുന്നു. മാതാപിതാക്കള്‍ മരിച്ച അനീഷ് വീട്ടില്‍ തനിച്ചാണ്. അതുകൊണ്ട് കെവിന്‍ പലപ്പോവും അവിടെയാണ്. നട്ടാശേരിയിലെ വാടക വീട്ടില്‍ വല്ലപ്പോഴും മാത്രമാണ് വന്നിരുന്നത്. ചില സുഹൃത്തുക്കളുടെ സഹായത്തോടെ വിദേശത്ത് ജോലി ശരിയാക്കിയ കെവിന്‍, മൂന്ന് മാസം കഴിഞ്ഞ് തിരിച്ചു പോകാന്‍ പ്ലാന്‍ ചെയ്തതാണ്. അതിനിടെയാണ് വിധി ദുരഭിമാനത്തിന്റെ രൂപത്തിലെത്തിയത്.
കൃപയുടെ വിവാഹം, ജോലി, സ്വന്തം വീട് അങ്ങനെ പലകാര്യങ്ങളും കെവിന്‍ സ്വപ്‌നം കണ്ടിരുന്നു. മേരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ നീനുവുമായുള്ള ബന്ധം മാതാപിതാക്കളെ അറിയിച്ചില്ല. അമ്മക്ക് താങ്ങാന്‍ കഴിയില്ലെന്ന് കെവിന്‍ നീനുവിനോട് പറഞ്ഞു. 17 വര്‍ഷമായി അച്ഛന്‍ ജോസഫും അമ്മ മേരിയും കെവിനും കൃപയും കുമാരനല്ലൂര്‍ പ്രദേശത്ത് പലയിടത്തായി വാടകവീടുകളില്‍ കഴിയുകയാണ്. കുറച്ചു വര്‍ഷം മുമ്പാണ് നട്ടാശേരിയിലെ വാടകവീട്ടിലെത്തിയത്. ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ നിന്ന് പാസായ കെവിന്‍ വിദേശത്ത് ഇലക്ട്രീഷ്യമായിരുന്നു. ശമ്പളം ചെലവിനു പോലും തികയാതെ വന്നപ്പോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha




















