അധികാരദുര മൂത്ത ഈ വൃദ്ധ നേതൃത്വം അത്രയെളുപ്പം ഈ അധികാരക്കസേര വിട്ടൊഴിയില്ല

ഇത് ഒരോര്‍മ്മപ്പെടുത്തലാണ്. ഓരോ വീഴ്ചയിലും, സ്വന്തം സ്ഥാനം നിലനിര്‍ത്തുന്ന തത്രപ്പാടുകള്‍ മാത്രം കാണിക്കുന്ന കോണ്‍ഗ്രസിലെ വൃദ്ധനേതൃത്വത്തിനുള്ള അവസാന താക്കീതാണ്. നിങ്ങള്‍ക്കു നേരെയുയരുന്ന ചൂണ്ടുവിരലുകളുടെ എണ്ണം കൂടിവരുന്നു.
പുരയ്ക്ക് മീതേ ചാഞ്ഞു നില്ക്കുന്ന ഈ വൃദ്ധനേതൃത്വത്തെ വെട്ടിയെറിയാന്‍ ഫേസ്ബുക്ക് പ്രസ്താവനയ്ക്കപ്പുറം തന്റേടമുള്ള യുവതുര്‍ക്കികള്‍ ആരുണ്ട്; അവര്‍ക്കാണ് നാളെയുടെ കിരീടവും ചെങ്കോലും. ഈ വൃദ്ധനേതാക്കള്‍ ഒന്നു കണ്ണുരുട്ടിയാല്‍ നിക്കറില്‍ മുള്ളുന്ന നിങ്ങള്‍ക്കെങ്ങനെ വിപ്ലവം നയിക്കാന്‍ കഴിയും. ഈ വരട്ടുകിഴവന്മാർ കുലംമുടിച്ച് അരങ്ങൊഴിയുന്നതുവരെ കാത്തിരുന്നാല്‍ കോണ്‍ഗ്രസ് ബാക്കിയുണ്ടാവില്ല.
ഇന്നു നിങ്ങള്‍ക്കു മീതേ മുരടിച്ചു നില്ക്കുന്ന ഈ പടുമരങ്ങള്‍ ഒരിക്കല്‍ തങ്ങള്‍ക്കുമീതേ ചാഞ്ഞുനിന്ന മുതുമരങ്ങളെ വെട്ടിതീയിലെറിഞ്ഞവരാണ്. ചരിത്രം പഠിപ്പിക്കുന്ന ആ കണക്കുപുസ്തകം നിങ്ങള്‍ക്ക് അതിജീവനത്തിന്റെ കഥ പറഞ്ഞുതരും. അധികാരദുര മൂത്ത ഈ വൃദ്ധ നേതൃത്വം അത്രയെളുപ്പം ഈ അധികാരക്കസേര വിട്ടൊഴിയില്ല.
നാളെകളില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം കേരളത്തിലുണ്ടാകണമെങ്കില്‍ സംഘടനയുടെ യുവത്വം അതിജീവനത്തിന്റെ കലയഭ്യസിക്കണം.
ആരാണ് ഇന്ന് യു.ഡി.എഫിനെ നയിക്കുന്നത് രണ്ടുപേര്‍ താങ്ങിനിര്‍ത്തി ഒരു ബൊമ്മകണക്കെ നില്ക്കുന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ മാത്രം കെട്ടിയിറക്കിയ കെ.പി.സി.സി. പ്രസിഡന്റ്. താങ്കളും വൃദ്ധനാണ്. ഘടകകക്ഷികളെ ഒരുമിച്ചു നിര്‍ത്താന്‍ പരാജയപ്പെട്ട പ്രതിപക്ഷനേതാവ്. മൃദുഹുന്ദുത്വ സമീപനം കൊണ്ട് ന്യൂനപക്ഷ പിന്തുണയുറപ്പിക്കാന്‍ താങ്കള്‍ക്കു കഴിയുന്നില്ല. ഫാസിസത്തിനെതിരെ പൊരുതാന്‍ താങ്കള്‍ ദുര്‍ബലനാണ്. എല്‍.ഡി.എഫിനു ബദലായി സി.പി.എമ്മിനു പകരമായി സംഘടനയെ നയിക്കാന്‍ നിങ്ങള്‍ പോരാ.
നിങ്ങള്‍ കടന്നുവന്ന വഴികള്‍ പറഞ്ഞുതരും അതിജീവനത്തിന്റെ പോരാട്ടങ്ങളുടെ നല്ല പാഠങ്ങള്‍. 1950 കളുടെ അവസാന കാലം കോണ്‍ഗ്രസ് സംഘടനയുടെ അപചയത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിയാര്‍ജ്ജിക്കുന്നത്. ഭാരതത്തിനു സ്വാതന്ത്ര്യം നേടിയെടുത്തത് തങ്ങളാണെന്ന അഭിമാന ബോധത്തിലും, ഗര്‍വ്വിലും സംഘടനയുടെ കാരണവന്മാരായി വാണ പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ.പി. മാധവമേനോന്‍, കുട്ടിമാളു അമ്മ, കെ.വി. മാധവന്‍ നായര്‍ തുടങ്ങിയ അതിപ്രഗത്ഭരുണ്ടായിട്ടും 1947 മുതല്‍ 56 വരെയുള്ള കാലഘട്ടത്തില്‍ തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളിലും പിന്നീട് സംയുക്ത തിരുക്കൊച്ചി സംസ്ഥാനത്തും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭകള്‍ മാറി മാറി വന്നിട്ടും അവയോരോന്നും അധികാര വടം വലിയില്‍ നിലംപതിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍ നിന്നകന്നു. അധികാരദുരമൂത്ത വൃദ്ധനേതൃത്വത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവിശേഷമാകും എന്ന സ്ഥിതിയുണ്ടായി.
കോണ്‍ഗ്രസിനെ സമുദ്ധരിക്കാനുള്ള ലക്ഷ്യങ്ങളോടെ ഇറങ്ങിയ യുവാക്കളില്‍ പ്രമുഖരായിരുന്നു ആര്‍. ശങ്കറും പി.ടി. ചാക്കോയും. അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും ഏറെ അഴിമതിയാരോപണങ്ങളില്‍പെട്ടു. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരും, നായര്‍ സമുദായവും മന്നത്തു പത്മനാഭനുമൊക്കെച്ചേര്‍ന്ന സാമുദായിക നീക്കം വിമോചന സമരത്തിലൂടെ താത്കാലിക വിജയം നേടിയെങ്കിലും പിന്നീടങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസും മുന്നണി സംവിധാനങ്ങളില്‍ തളച്ചിടപ്പെട്ടു.
കേരളം പിന്നീടു കാണുന്നത് സാമുദായിക സമവാക്യങ്ങളിലൂന്നിയുള്ള ജനാധിപത്യമായിരുന്നു.
സംഘടനാ ദൗര്‍ബല്യങ്ങള്‍ ഏറെയുണ്ടായിയെങ്കിലും ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയുമൊക്കെ വ്യക്തി പ്രഭാവങ്ങള്‍ കേരളത്തിലെ അനുഭാവികള്‍ക്കിടയില്‍ ഒരു വികാരമായി നിലകൊണ്ടു.
കെ. കരുണാകരന്‍, വക്കം പുരുഷോത്തമന്‍, കെ.ടി.ജോര്‍ജ്, കെ.സി. അടിയോടി എന്നീ നേതാക്കള്‍ കോണ്‍ഗ്രസ് സംഘടനയെ പിന്നീട് കൈപ്പിടിയിലൊതുക്കി. ഇവരില്‍ ഏറെ തന്ത്രശാലിയായ കരുണാകരനാണ് കേരളത്തിലെ കോണ്‍ഗ്രസ് സംവിധാനം ദീര്‍ഘകാലം കയ്യില്‍ വച്ചമ്മാനമാടിയത്.
പിന്നീട് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയും, വയലാര്‍ രവിയും, പി.സി. ചാക്കോയുമൊക്കെയുള്‍പ്പെടുന്ന യുവതുര്‍ക്കികള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു. പലപ്പോഴും തിരുത്തല്‍ ശക്തികളായി. ഇവിടെ വിഷയം ആദര്‍ശവും, ആത്മാര്‍ത്ഥതയുമൊക്കെയായി.
അന്നണിഞ്ഞ ആദര്‍ശക്കുപ്പായം ആന്റണിക്കിന്നും കൂടെയുണ്ട്. ആന്റണിക്കൊപ്പം വലം കൈയ്യായി നിന്ന ഉമ്മന്‍ചാണ്ടി തന്ത്രപൂര്‍വ്വം ആ അധികാരദണ്ഡ് കൈക്കലാക്കി. ചതി തിരിച്ചറിഞ്ഞ ആന്റണിയും കിട്ടിയ അവസരത്തില്‍ സുധീരനെ കൊണ്ടുവന്ന് ഒന്ന് തിരിച്ചുകൊത്തി.
രണ്ടു വിരുദ്ധ ഗ്രൂപ്പുകള്‍ കെ. കരുണാകരനും ആന്റണിക്കും പിന്നില്‍ അണിനിരന്നത് രണ്ട് പതിറ്റാണ്ടുകള്‍. ഇത് സാമുദായിക സമവാക്യങ്ങള്‍ക്ക് കാരണമായി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഗ്രൂപ്പിസം അതിന്റെ ഏറ്റവും മൂര്‍ദ്ധന്യത്തില്‍. കരുണാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന. തന്റെ ചാവേറുകളായിരുന്ന ജി. കാര്‍ത്തികേയനും, രമേശ് ചെന്നിത്തലയും നടത്തിയ കൊട്ടാര വിപ്ലവത്തില്‍ കരുണാകരന്‍ തളര്‍ന്നു. പിന്നീടങ്ങോട്ട് ആന്റണിയുടെയും തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെയും ജൈത്രയാത്ര.
പക്ഷേ ഐ ഗ്രൂപ്പ് എന്ന വികാരം കെടാത്ത കനലായി രമേശ് ചെന്നിത്തല കൊണ്ടു നടന്നു. എളുപ്പം വീഴ്ത്താന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും തളര്‍ത്താന്‍ ചതിയുള്‍പ്പെടെ എല്ലാ മാര്‍ഗവും തേടി. എങ്കിലും കരുണാകര ജ്വാല മുരളീധരനിലൂടെ ഇന്നും നിലനില്ക്കുന്നു.
ഒടുവില്‍ ബാക്കിയാകുന്നത് ജീവനില്ലാത്ത ഒരു പ്രസ്ഥാനമാണ്. ഒട്ടും ചലനാത്മകമല്ലാത്ത ഈ സംഘടനയുടെ നേതൃത്വം ഇന്നലങ്കരിക്കുന്നതോ വൃദ്ധനേതാക്കളും.
ഇവിടെയാണ് ഷാഫി പറമ്പിലും, വി.ടി. ബല്‍റാമും, അനില്‍ അക്കരയും, ഹൈബി ഈഡനും, റോജി. എം. ജോണുമൊക്കെ വ്യത്യസ്തരാകുന്നത്. കേരളത്തിനു പ്രതീക്ഷ നല്കുന്നത്. ഇവര്‍ക്കപ്പുറം മേല്‍വിലാസമില്ലാത്ത ഒരുപാട് യുവരക്തം കോണ്‍ഗ്രസിനുണ്ട്. അവര്‍ ചവിട്ടിയരക്കപ്പെടുകയോ, ഗ്രൂപ്പ് പോരില്‍ ഗോഡ് ഫാദറില്ലാതെ വഴിയിലുപേക്ഷിക്കപ്പെട്ടവരോ ആണ്.
കൈത്താങ്ങില്ലാതെ നടക്കാന്‍ കഴിയാത്ത ഈ വൃദ്ധനേതാക്കളെ ഫാസിസത്തിനെതിരെ പൊരുതാന്‍ ദില്ലിയിലെ രാജ്യസഭയിലേക്ക് പറഞ്ഞയക്കുന്നതിന്റെ യുക്തികേട് പച്ചയ്ക്കു പറഞ്ഞ് ഹൈബി ഈഡന്‍ വ്യത്യസ്ഥനായി.
ഒരു സ്ഥാനത്തെത്തിയാല്‍ പിന്നെ മരിക്കുന്നതുവരെ അവിടെയിരിക്കുക. കുറച്ച് സാമുദായിക നേതാക്കളുടെയും, പ്രമാണികളുടെയും പിന്തുണയും, ദില്ലിയില്‍ ചില്ലറ ബന്ധങ്ങളുമുണ്ടെങ്കില്‍ ഈ സ്ഥാനം ചോദ്യം ചെയ്യപ്പെടുക കൂടിയില്ല.
ഇന്നത്തെ നേതാക്കളുടെ പെട്ടി ചുമന്ന് കുട്ടിനേതാക്കളായി, പിന്നീട് അവരുടെ തണലില്‍ വളര്‍ന്ന നിങ്ങള്‍ യുവതുര്‍ക്കികള്‍ക്ക് ആശ്രിത വിധേയത്വം ഉണ്ടാവാം.നിങ്ങള്‍ ഈ സംഘടനയുടെ നാളെയുടെ പ്രതീക്ഷയാണ്. ഒരുപാട് പ്രവര്‍ത്തകരുടെ ചോരവീണ മണ്ണ്. അധികാരദുരമൂത്ത ഈ വൃദ്ധനേതൃത്വം കസേര വിട്ടൊഴിയില്ല.
ഇത് നാളകള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ്.
https://www.facebook.com/Malayalivartha





















