കെ.പി.സി.സി. ഉടച്ചുവാർക്കാനൊരുങ്ങി ഹൈക്കമാന്റ് ; ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ പ്രതിപക്ഷ നേതാവാക്കാൻ സാധ്യത

ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചേക്കും. കെ സി വേണുഗോപാലിനെ കെ പി സി സി അധ്യക്ഷനും കെ.സുധാകരനെ കൺവീനറാക്കാനുമാണ് ആലോചന.
ചെങ്ങന്നൂരിലെ തെരഞ്ഞടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ കെ.മുരളീധരനെ പ്രതിപക്ഷ നേതാവാക്കാനാണ് ആലോചിച്ചത്. ക്രൈസ്തവർ വൻതോതിൽ സി പി എമ്മിന് വോട്ടു ചെയ്തു എന്ന തിരിച്ചറിവ് കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് മുരളിയെ ഒഴിവാക്കിയത്. എന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായിട്ടില്ല. അദ്ദേഹത്തിന് ഒടുവിൽ തയ്യാറാകേണ്ടി വരും.മുരളിയെ പാർലെമെന്ററി പാർട്ടി നേതാവാക്കാൻ സാധ്യതയുണ്ട്.
രമേശ് ചെന്നിത്തലയെ എ ഐ സി സി ജനറൽ സെക്രട്ടറിയാക്കി കേന്ദ്രത്തിൽ കൊണ്ടു പോകും. ചെന്നിത്തല അതിനുള്ള സമ്മതം അറിയിച്ചിട്ടില്ല.എന്നാൽ ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവെന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം ഹൈക്കമാന്റിനറിയാം.
കേന്ദ്രത്തിൽ പ്രതിപക്ഷ മുന്നണിക്ക് 2019 ൽ അധികാരം കിട്ടുകയാണെങ്കിൽ ചെന്നിത്തല കേന്ദ്ര മന്ത്രിയാകും. അതിനു വേണ്ടി, വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കും. ആലപ്പുഴയായിരിക്കും തട്ടകം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്ന വേണുഗോപാലിനെ ഹരിപ്പാട് സ്ഥാനാർത്ഥിയാക്കും. വേണുവിന്റെ താത്പര്യപ്രകാരമാണ് അദ്ദേഹം കേരളത്തിൽ വരുന്നത്. കർണാടകത്തിലെ വിജയം കെ സി യെ രാഹുലിന് പ്രിയപ്പെട്ടവനാക്കി തീർത്തിട്ടുണ്ട്.
എന്നാൽ ഇതിനൊന്നും രമേശിന്റെ അംഗീകാരമില്ല. പുതിയ മാറ്റങ്ങളൊന്നും രമേശ് അംഗീകരിച്ചിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാകണം എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. അതിനു വേണ്ടി എന്തു ചെയ്യാനും അദ്ദേഹം ഒരുക്കമാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ അതിനൊന്നും സാധ്യതയില്ലാതായി.
ഉമ്മൻ ചാണ്ടിയെ തെരഞ്ഞടുപ്പിന്റെ തലേന്ന് ആന്ഡ്രയിൽ നിരീക്ഷകനാക്കിയത് കോൺഗ്രസിന്റെ ശോഭ കെടുത്തി എന്ന പരാതി ഹൈക്കമാന്റ് ഗൗരവത്തോടെയാണ് എടുക്കുന്നത്. അതുവഴി കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ മറിഞ്ഞുവെന്ന വാദം ഹൈക്കമാന്റ് അംഗീകരിക്കുകയാണ് ചെയ്തത്. കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ഹിന്ദു - ക്രിസ്ത്യൻ നേതൃത്വത്തിന് മാത്രമേ കഴിയുകയുള്ളു. ന്യൂനപക്ഷങ്ങളെ ഒഴിവാക്കി കൊണ്ട് കേരളത്തിലെ കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ല.
പാർട്ടി പുന:സംഘടനക്കൊപ്പം തന്നെ പ്രതിപക്ഷ നേതൃസ്ഥാനവും മാറണമെന്ന അഭിപ്രായമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. അതിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ വേണം. മാറുന്ന കെ പി സി സി തീർച്ചയായും അതിന് സഹായിക്കും. കെ പി സി സി അധ്യക്ഷ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും നായർ സമുദായങ്ങൾക്ക് നൽകില്ല. കെ സി വേണുഗോപാൽ കെ പി സി സി അധ്യക്ഷനായാൽ രമേശിന് പ്രതിപക്ഷ നേതാവായി തുടരാനാവില്ല.
https://www.facebook.com/Malayalivartha





















